പത്തനംതിട്ട: പന്തളം തെക്കേക്കര പഞ്ചായത്തിലെ കാട്ടുപന്നിശല്യം ഒഴിയുന്നില്ല. കഴിഞ്ഞദിവസം വീട്ടമ്മയെ ആക്രമിച്ച കാട്ടുപന്നിയെ വെടിവച്ചു കൊന്നെങ്കിലും കൃഷിയിടങ്ങളിലും മറ്റും പന്നിയുടെ ശല്യം തുടരുകയാണ്.
പാറക്കറ അഞ്ചുഭവനിൽ ഭഗവതിക്കാണ് (60) തിങ്കളാഴ്ച പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. പട്ടാപ്പകലായിരുന്നു ആക്രമണം. ഞായറാഴ്ച കൃഷിയിടത്തിൽ ജോലികഴിഞ്ഞു മടങ്ങി യ ഉഷാസദനത്തിൽ ഭാസ്കരനെ (85) പന്നി ആക്രമിച്ചിരുന്നു. ഗുരുതര പരിക്കേറ്റ ഭാസ്കരൻ ചികിത്സയിലാണ്. തുടർച്ചയായ രണ്ടുദിവസം പ്രദേശവാസികളെ പന്നി ആക്രമിച്ചതിനു പിന്നാലെയാണ് വനംവകുപ്പ് ഇടപെടൽ ഉണ്ടായത്.
പ്രദേശത്തു തന്നെയുണ്ടായിരുന്ന പന്നിയെ വനപാലകരെത്തിയാണ് വെടിവച്ചത്. എന്നാൽ സ്ഥിരതാവളമാക്കിയിട്ടുള്ള മേഖലകൾ ധാരാളമാണ് പ്രദേശത്തുള്ളത്. ഏറെ ഭീതിയിലാണ് പ്രദേശവാസികൾ കഴിയുന്നത്. മുന്പ് സന്ധ്യ കഴിഞ്ഞാണ് ശല്യമുണ്ടായിരുന്നതെങ്കിൽ ഇന്നിപ്പോൾ പട്ടാപകലും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.
വൻതോതിൽ കൃഷിനാശമാണ് പന്തളം തെക്കേക്കരയിലുണ്ടാകുന്നത്. കിഴങ്ങുവർഗ കൃഷി വ്യാപകമായി ചെയ്തുവരുന്ന പ്രദേശത്തെ കൃഷിയിടങ്ങൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ച സ്ഥിതിയാണ്. ബാങ്കിൽ നിന്നും വായ്പയെടുത്തും മറ്റും കൃഷിയിറക്കിയ കർഷകരുടെ പ്രതീക്ഷകൾ എല്ലാം ഒരു നിമിഷംകൊണ്ട് തകർത്തെറിഞ്ഞു.
പന്തളം തെക്കേക്കര പഞ്ചായത്തിൽ മാത്രം കഴിഞ്ഞ ആറുമാസത്തിനിടെ ഏകദേശം ഒരുകോടി രൂപയുടെ മുകളിലാണ് നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
കൊടുമണ് പ്ലാന്റേഷനിൽ നിന്നും കൂട്ടമായി ഇറങ്ങുന്ന പന്നികൾ ഇടമാലി, പാറക്കര , മങ്കുഴി, പൊങ്ങലടി, പെരുന്പുളിക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലെ മരച്ചീനി, ചേന, കാച്ചിൽ, ചേന്പ്, വാഴ തുടങ്ങിയ കൃഷി വിളകൾ കുത്തി നശിപ്പിക്കുകയാണ് ചെയ്തത്.
പണം കടംവാങ്ങി കൃഷി ചെയ്ത കർഷകർക്ക് പണം തിരികെ നൽകാനാകാത്ത സ്ഥിതിയാണ്. വിളകൾക്കുള്ള വിലക്കുറവും കൃഷിനാശവും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പച്ചക്കറി, ഇഞ്ചി, നെല്ല് തുടങ്ങിയ കൃഷിയിടങ്ങൾ കാട്ടുപന്നി കുത്തിമറിച്ചും നശിപ്പിക്കുകയാണ്. സർക്കാരിൽ നിന്ന് യാതൊരു വിധ സഹായവും കർഷകർക്ക് ലഭിച്ചിട്ടില്ല.
പെരുന്പുളിക്കലിൽ വനംപോലെ കിടക്കുന്ന പൗവ്വത്തുമലയാണ് പന്നികളുടെ താവളമെങ്കിൽ തട്ടയിൽ ഭാഗത്ത് മുല്ലോട്ടു ഡാമിനോടു ചേർന്ന കാട്ടുപ്രദേശമാണ് ഇതിന്റെ വാസസ്ഥലമെന്ന് കർഷകർ പറയുന്നു.
പ്രഭാത സവാരിക്കാരായ നിരവധി ആളുകൾക്കാണ് ഇതിനോടകം കാട്ടുപന്നിയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്. കാട്ടുപന്നി ശല്യത്തിന് അറുതി വരുത്താൻ അധികാരികൾ തയാറായില്ലെങ്കിൽ ശക്തമായ ജനകീയ സമരം ആരംഭിക്കാനാണ് കർഷകരുടെയും നാട്ടുകാരുടെയും തീരുമാനം.
വടശേരിക്കരയിൽ കാട്ടാനശല്യം തുടരുന്നു
വടശേരിക്കര: താമരപ്പള്ളി തോട്ടത്തിൽ ഇറങ്ങിയ കാട്ടാന വീണ്ടും നാശം വിതച്ചു. ആക്കേമണ്ണ്, ബ്രദർമുക്ക് ലൈൻ ഭാഗങ്ങളിലാണ് നാലാംതവണയും ആനയുടെ ശല്യമുണ്ടായത്. ഒരാഴ്ചയിലേറെയായി പ്രദേശവാസികൾ ഭീതിയിലാണ്. ആനയുടെ ശല്യമുണ്ടാകുന്പോൾ പ്രദേശവാസികൾ വനപാലകരെ അറിയിക്കുന്നുണ്ട്.
രാത്രി ജനം വിളിച്ചറിയിച്ചപ്പോൾ മാത്രമാണ് ബന്ധപ്പെട്ടവർ ആന നിൽക്കുന്നതിന് എതിർവ ശത്തെ മുള്ളൻപാറമലയിൽ നിന്നു വെടിപൊട്ടിച്ച് ആനയെ വിരട്ടി കാടുകയറ്റിയത്. താമരപ്പള്ളി എസ്റ്റേറ്റ് വാങ്ങിയവരുടെ സ്ഥലങ്ങളിൽ കാട് വളർന്നു നിൽക്കുന്നതിനാൽ, അതിലെ പനയും മറ്റു തീറ്റകളും തേടിയാണ് ആന എത്തുന്നത്. എസ്റ്റേറ്റ് പരിസരം കാട്ടാന താവളമാക്കിയിരിക്കുക യാണ്. ആനയുടെ ശല്യം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ശക്തമായ ഇടപെടൽ വേണമെന്ന് കേരള കോണ്ഗ്രസ് - എം വടശേരിക്കര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനപാലകരുടെ നിസംഗതയിൽ പ്രതിഷേധിച്ച് കമ്മിറ്റി വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസ് പടിക്കൽ ധർണ നടത്തി. തുടർന്ന് റാന്നി ഡിഎഫ് ഓഫീസ് പടിക്കൽ ധർണ നടത്താനും തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് ജോസ് മാലിയിൽ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്. ആലിച്ചൻ ആറൊന്നിൽ, അനീന സാമുവേൽ, ബിജു വലിയത്റയിൽ മോനച്ചൻ മാത്യു, എൻ.എസ്. ശോഭന, മോനായി തോട്ടുങ്കൽ, അജി താഴത്തില്ലത്, ടി. കെ. പ്രസാദ്, മോനായി ചേരാവള്ളിൽ എന്നിവർ പ്രസംഗിച്ചു.