പെയ്തിറങ്ങിയത് ശക്തമായ മഴ; നാശനഷ്ടങ്ങളും ഏറി
1567996
Tuesday, June 17, 2025 3:39 AM IST
പത്തനംതിട്ട: കഴിഞ്ഞ രണ്ടുദിവസം ജില്ലയിൽ ലഭിച്ചത് കനത്ത മഴ. അധികസമയം നീണ്ടുനിന്നില്ലെങ്കിലും ശക്തമായ മഴയാണ് ഈ ദിവസങ്ങളിൽ പെയ്തിറങ്ങിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മഴമാപിനികളിൽ നിന്നു ലഭിച്ച കണക്കുകളും ഇത് വ്യക്തമാക്കുന്നു. നദികളിലെ ജലനിരപ്പും ഉയർന്നുവെങ്കിലും ഇന്നലെ പകൽ മഴയ്ക്കു ശമനമുണ്ടായതോടെ പ്രളയഭീതി ഒഴിഞ്ഞു.
തിരുവല്ല താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. മഴ കുറഞ്ഞതിനാൽ വെള്ളം ഇറങ്ങുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പത്തനംതിട്ടയിൽ 40, തുന്പമൺ 36.4, കക്കി 129, പന്പ 111, മൂഴിയാർ 65, നിലയ്ക്കൽ 53.2, വടശേരിക്കര 83, പെരുന്തേനരുവി 57, അയിരൂർ 58.4, കല്ലൂപ്പാറ 41.4, തിരുവല്ല 44 മില്ലിമീറ്റർ എന്നിങ്ങനെയാണ് ഞായറാഴ്ച പകലും രാത്രിയിലുമായി ലഭിച്ച മഴയുടെ അളവ്.
പന്പാനദിയുടെ അയിരൂർ ഭാഗത്ത് 7.99 മീറ്റർ, മാരാമൺ 6.76, ആറന്മുള 6.36, അച്ചൻകോവിലാറിന്റെ കോന്നിയിൽ 19.1, പന്തളം 8.2, തുന്പമൺ 8.85 മീറ്ററും ഇന്നലെ ജലനിരപ്പ് രേഖപ്പെടുത്തി.
മണിമലയാറിന്റെ വള്ളംകുളം ഭാഗത്ത് 5.17, കല്ലൂപ്പാറയിൽ 6.04 മീറ്ററും ജലനിരപ്പുണ്ടായിരുന്നു. ജലനിരപ്പുയർന്നതിനേ തുടർന്ന് അച്ചൻകോവിൽ, മണിമല നദികളിൽ പ്രളയസാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
മൂഴിയാർ സംഭരണിയുടെ ഷട്ടറുകൾ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി വെള്ളിയാഴ്ച രാത്രി മുതൽ തുറക്കുന്നുണ്ട്. കക്കിയിൽ 46 ശതമാനം മാത്രമാണ് ഇന്നലെയും ജലനിരപ്പ്.
റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു
റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നു. റാന്നി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുണ്ടപ്പുഴ - പെരുമ്പുഴ റോഡില്‍ ടെലിഫോണ്‍ ഭവനു മുന്നിലായിട്ടാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു വീണത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് കെട്ട് ഇടിഞ്ഞു വീണത്.

കെട്ട് ഇടിഞ്ഞതോടെ ഗതാഗതത്തിന് ഭീഷണിയായി വശം ഇരുത്തി തുടങ്ങിയിട്ടുമുണ്ട്. നാട്ടുകാര്‍ മരച്ചില്ലകള്‍ ഉപയോഗിച്ചാണ് അപകട മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ മണ്ണ് ഒലിച്ചു പോകാന്‍ സാധ്യത ഏറെയാണ്. അങ്ങനെ സംഭവിച്ചാല്‍ വലിയ ദുരന്തം ഉണ്ടാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നുണ്ട്. അധികൃതര്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കി എത്രയുംവേഗം വശം കെട്ടി ബലപ്പെടുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു
ശക്തമായ മഴയില്‍ ജില്ലയിലെ രണ്ട് താലൂക്കുകളിലായി ഏഴ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോന്നി അഞ്ച്, റാന്നി രണ്ട് എന്നിങ്ങനെയാണ് കണക്ക്. കോന്നി താലൂക്കില്‍ മൂന്നും റാന്നിയില്‍ ഒരു വില്ലേജിലുമാണ് മഴക്കെടുതി ബാധിച്ചത്. ജില്ലയില്‍ മൂന്ന് കര്‍ഷകരുടെ 30 വാഴകള്‍ കഴിഞ്ഞ ദിവസത്തെ കാറ്റില്‍ നശിച്ചു.
മലയാലപ്പുഴയിൽ വീടിനു മുകളിൽ മരം വീണു; വയോധികനു പരിക്ക്
മലയാലപ്പുഴ: കാറ്റിലും മഴയിലും വീടിനു മുകളിൽ മരം വീണ് മലയാലപ്പുഴയിൽ വായോധികന് പരിക്ക്. മലയാലപ്പുഴ താഴം ശ്യാം വിലാസിൽ കൃഷ്ണൻ കുട്ടിക്കാണ് (65) നാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിൽ കൃഷ്ണൻകുട്ടിയുടെ വീടിന് മുകളിലേക്ക് ആഞ്ഞിലി മരം വീഴുകയായിരുന്നു.
കൃഷ്ണൻകുട്ടിയും ഭാര്യ ശ്യാമളയുമാണ് വീട്ടിലുണ്ടായിരുന്നത്. മേൽക്കൂരയുടെ ഓട് പൊട്ടിവീണാണ് കൃഷ്ണൻകുട്ടിയുടെ തലയ്ക്കു പരിക്കേറ്റത്. ഭാര്യ ശ്യാമളയ്ക്കും പരിക്കേറ്റു. കൃഷ്ണൻകുട്ടി നായരെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നു. മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ, വില്ലേജ് ഓഫിസർ വിനോദ് തോമസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മലയാലപ്പുഴ താഴം സ്യമന്തകം വീട്ടിൽ രേഷ്മ രമേശിന്റെ വീടിനു മുകളിലേക്ക് ആഞ്ഞിലി മരം വീണ് നഷ്ടമുണ്ടായി. മലയാലപ്പുഴ താഴം പനമ്പള്ളി ഇല്ലം ഇന്ദിരാ ദേവി, കിഴക്കുപുറം പനാറയിൽ ആനി, തേക്കിനാൽ പതാലിൽ ബാബു എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ഇളകൊള്ളൂരിൽ വീടിന്റെ മുറി ഇടിഞ്ഞുവീണുവെങ്കിലും വീട്ടിനുള്ളിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. അജിതിന്റെ വീടാണ് ഇടിഞ്ഞുവീണത്.