വെള്ളക്കെട്ടിൽ വീണ പ്ലസ്ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
1568787
Friday, June 20, 2025 3:24 AM IST
തിരുവല്ല: സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു. ഇരവിപേരൂർ തിരുവാമനപുരത്തെ പാടശേഖരത്തിൽ കാണാതായ കറ്റോട് ഇരുവള്ളിപ്ര വാഴക്കൂട്ടത്തിൽ ജെറോ ഏബ്രഹാം സാബു (17)വിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ അപകടമുണ്ടായ സ്ഥലത്തു നിന്ന് ഇന്നലെ രാവിലെ കണ്ടെടുത്തത്.
തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് ജെറോ.
ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് ജെറോ അടങ്ങുന്ന അഞ്ചംഗ സംഘം കുളിക്കാൻ ഇറങ്ങിയത്.
കുളിക്കുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വെള്ളക്കെട്ടിൽ വീണു. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജെറോ മുങ്ങിത്താഴുകയായിരുന്നുവെന്ന് പറയുന്നു. ഒഴുക്കിൽപെട്ട സുഹൃത്തിനെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ രക്ഷപെടുത്തി.
തിരുവല്ലയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥർ ചേർന്ന് ആരംഭിച്ച തെരച്ചിൽ വെളിച്ചക്കുറവ് മൂലം രാത്രി അവസാനിപ്പിച്ചിരുന്നു. ഈരാറ്റുപേട്ടയിൽനിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ ടീം എമർജൻസി നടത്തിയ പരിശോധനയിൽ പാടശേഖരത്തിന്റെ അടിത്തട്ടിൽ നിന്നുമാണ് ഇന്നലെ രാവിലെ 7.15 ഓടെ മൃതദേഹം കണ്ടെത്തിയത്.