ചെറുകോലിലെ റോഡുകൾ പൂർണ തകർച്ചയിൽ
1569266
Sunday, June 22, 2025 2:58 AM IST
കോഴഞ്ചേരി: ചെറുകോൽ പഞ്ചായത്തിലെ മുഴുവൻ റോഡുകളും തകർന്നു. കുണ്ടും കുഴികളും നിറഞ്ഞ റോഡിൽ ടാറിംഗ് ഭാഗങ്ങൾ കാണാനേയില്ല. ചെറുകോൽ പഞ്ചായത്തിലെ പ്രധാന റോഡായ കോഴഞ്ചേരി - മേലുകര - റാന്നി റോഡിലെ പുതമൺ പാലം തകർന്നിട്ട് രണ്ടര വർഷമായി.
താത്കാലിക പാലം നിർമിച്ചുവെങ്കിലും അത് മഴക്കാലമായതോടെ വെള്ളപ്പൊക്കംമൂലം ഉപയോഗശൂന്യമാകും. പഞ്ചായത്തിലെ പ്രധാന റോഡുകളായ കച്ചേരിപ്പടി - കണമുക്ക്, ആടുപാറ ജംഗ്ഷൻ - സൊസൈറ്റി പടി, സിഎംഎസ് - കുട്ടത്തോട്, കുടിലുമുക്ക് - പന്തളം മുക്ക്, പാലച്ചുവട് - പന്തളം മുക്ക് ചാക്കപ്പാലം -പള്ളിയത്ത് പടി, പള്ളിക്കൽ പടി - ആട്പാറ ജംഗ്ഷൻ റോഡുകൾ യാത്രായോഗ്യമല്ല.
സൊസൈറ്റി പടി റോഡ് ബിഎ ആൻഡ് ബിസി ചെയ്യാൻ വേണ്ടി റോഡിലെ നിലവിലെ മെറ്റൽ ഇളക്കിയിട്ട് മൂന്ന് മാസം തികയുന്നു. തുടർ നടപടികൾ തടസപ്പെടുന്നു. പുതമൺ പാലം തകർന്നിട്ട് മൂന്നുവർഷമായെങ്കിലും ഇതേവരെ തൂണുകളുടെ പണി മാത്രമാണ് കഴിഞ്ഞിട്ടുള്ളത്. റോഡു പണികൾ കരാറുകാരൻ നിർത്തിവച്ചിരിക്കുകയാണ്.
ജനപ്രതിനിധികളാകട്ടെ ഉദ്യോഗസ്ഥരുടെ മേൽ കുറ്റം ചുമത്തി പിന്മാറാനാണ് ശ്രമിക്കുന്നത്. റോഡുകൾ തകർന്നതോടുകൂടി യാത്ര ബുദ്ധിമുട്ടിലായവരിലേറെയും ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്ന സ്ത്രീകളാണ്.
ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ശക്തമായ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകൾ അടക്കമുള്ള നാട്ടുകാർ സമര രംഗത്തേക്ക് ഇറങ്ങാൻ തയാറെടുക്കുകയാണ്.