ശബരിമല: മണ്ഡലകാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും ഏജന്‍സികളുടെയും ഏകോപന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു. ഇതു വരെ നടത്തിയ പ്രവര്‍ത്തനം വളരെ തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ഇത്തവണ ഇതാദ്യമായാണ് മന്ത്രിയുടെ അധ്യക്ഷതയിൽ ശബരിമലയിൽ അവലോകനയോഗം ചേർന്നത്.
ഹരിത ചട്ടം കര്‍ശനമായി പാലിച്ചുകൊണ്ട് പ്ലാസ്റ്റിക് രഹിത ശബരിമല എന്ന ലക്ഷ്യത്തോടെയായിരിക്കണം ഓരോ ഉത്സവകാലത്തെയും കാണേണ്ടതെന്ന് മന്ത്രി പറഞ്ഞു. നിലയ്ക്കലില്‍ കെഎസ്ആര്‍ടിസി നേരിടുന്ന കണ്ടക്ടര്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ബസുകളില്‍ കയറുന്നതിനായി ഭക്തര്‍ക്കായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണം. ടിക്കറ്റ് ബസുകളില്‍ നല്‍കണം.
മുതിര്‍ന്നവരെയും അംഗവൈകല്യമുള്ളവരെയും ഏറെ നേരം നിര്‍ത്തി ബുദ്ധിമുട്ടിക്കരുത്. അവര്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ട് പ്രത്യേക വാഹന സൗകര്യം ഒരുക്കണമെന്നും നിര്‍ദേശം നല്കി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുത്ത യോഗ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണം. നിലയ്ക്കലില്‍ നിന്ന് ഇപ്പോള്‍ 200 ചെയിന്‍ സര്‍വീസുകളുണ്ടെന്ന് കെഎസ്ആര്‍ടിസി പ്രതിനിധി അറിയിച്ചു.
പോലീസ് സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഏകോപന ചുമതലയുള്ള എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബും ജില്ലാ പോലീസ് മേധാവിമാരായ ജി. ജയദേവ് (പത്തനംതിട്ട), ടി. നാരായൺ (ഇടുക്കി), കോട്ടയം ഡിവൈഎസ്പി സന്തോഷ് എന്നിവർ വിശദീകരിച്ചു.
രണ്ടു ജില്ലകളിലും തീര്‍ഥാടനം സുഗമമായി മുന്നോട്ടു കൊണ്ടു പോകുന്നതിന് പോലീസ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇടുക്കി ജില്ലയില്‍ അഞ്ചു ഘട്ടങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു കഴിഞ്ഞു.കുടിവെള്ളം, വെര്‍ചല്‍ ക്യൂ ബുക്കിംഗ് നടപടികളും പൂര്‍ത്തിയായി. 70 നിരീക്ഷണ കാമറകളില്‍ 50 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമാണെന്നും എഡിജിപി ഷെയ്ക് ദര്‍വേഷ് സാഹിബ് അറിയിച്ചു. ചില ഇടങ്ങള്‍ പ്രത്യേക നിരീക്ഷണത്തില്‍ ഉണ്ട്.സന്നിധാനത്തേക്കുള്ള റൂട്ടുകളില്‍ 16 ഇടങ്ങളില്‍ ആരോഗ്യ വകുപ്പ് ഓക്സിജന്‍ കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന്റെ ഹോട്ട്ലൈന്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് അത്യാവശ്യ വൈദ്യസഹായ കേന്ദ്രങ്ങള്‍ സജ്ജമാകും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍680000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള സംവിധാനമാണ് ജല അഥോറിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 330 ടാപ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. നിലയ്ക്കല്‍ മാത്രം 25 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രതിദിനം ലഭ്യമാക്കുന്നത്.
വെള്ളം ദുരുപയോഗം ചെയ്യാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചു വരുന്നു.വൈദ്യുതി മുടങ്ങാതിരിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കെഎസ് ഇബി മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പമ്പാ നദിയിലെ മണ്ണ് മുഴുവന്‍ നീക്കിക്കഴിഞ്ഞതായി ഇറിഗേഷന്‍ വിഭാഗം അറിയിച്ചു. ഭക്തര്‍ക്ക് ബലിയിടാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. താത്കാലിക ബണ്ടും നിര്‍മിച്ചു.
പമ്പ, പ്ലാപ്പള്ളി, സന്നിധാനം എന്നിവിടങ്ങളിലായി 66 പേരാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ വിഭാഗത്തിനായിട്ടുള്ളത്. പമ്പാനദിയില്‍ ഒഴുക്കില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ മുങ്ങല്‍ വിദഗ്ധരുമുണ്ട്. ലഹരി ഉപയോഗം കര്‍ശനമായി തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വ്യാപാരസ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ശക്തമായ നിരീക്ഷണം നടത്തിവരുകയാണ്.
റോഡുകളിൽ റിഫള്ക്ടറുകൾ, സ്പ്രിംഗ് പോസ്റ്റുകൾ വേണം
അപകടങ്ങള്‍ ഒഴിവാക്കുന്നതിന് റോഡുകളില്‍ റിഫളക്ടർ, വലിയ വളവുകളില്‍ സ്പ്രിംഗ് പോസ്റ്റുകൾ സ്ഥാപിക്കാനുള്ള നിർദേശം പൊതുമരാമത്ത്, മോട്ടോർ വാഹന വകുപ്പുകൾ മുന്നോട്ടു വച്ചു.
പ്രധാന പാതകളില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായി. കഴിഞ്ഞ മഴയത്ത് ഇടിഞ്ഞു പോയ ചില ഇടങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചു വരുകയാണ്.കുടിവെള്ളത്തിന്റെ നിലവാരം പതിവായി പരിശോധിക്കുന്നതിനുള്ള ലാബ് സ്ഥാപിക്കുന്നതിന് സൗകര്യം ഉടന്‍ ഏര്‍പ്പാടാക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു മലിനീകരണ നിയന്ത്രണ ബോര്‍സിനെ അറിയിച്ചു.
വിവിധയിടങ്ങളിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ വലിയ പ്രശ്നമാണെന്ന് ബോര്‍ഡ് പ്രതിനിധി അറിയിച്ചു.പമ്പയില്‍ ഭക്തര്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങള്‍ നീക്കം ചെയ്യുന്നതിന് 24 പേരടങ്ങുന്ന ഗ്രീന്‍ ഗാര്‍ഡുകള്‍ രംഗത്തുണ്ടെന്ന് ശുചിത്വമിഷന് പ്രതിനിധി അറിയിച്ചു. കാട്ടാനയുടെയും പന്നികളുടെയും ആക്രമണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വനം വകുപ്പ് പ്രത്യേക സ്ക്വാഡിനു തന്നെ രൂപം നല്‍കിയിട്ടുണ്ട്.
കാനന യാത്ര കരുതലോടെ വേണം. വൈകുന്നേരം യാത്ര പാടില്ലെന്ന് വനം വകുപ്പ് പ്രതിനിധി പറഞ്ഞു. സന്നിധാനത്തും പരിസരങ്ങളിലും തുറസായ പ്രദേശങ്ങളിൽ മൂത്ര വിസര്‍ജനം നടത്താന്‍ ഒരു കാരണവശാലും അനുവദിക്കരുതെന്ന് സ്പെഷല്‍ കമ്മീഷണര്‍ എം. മനോജ് നിര്‍ദ്ദേശിച്ചു. ഇത് നിരീക്ഷിക്കുന്നതിനായി കാമറ സ്ഥാപിച്ച് മുന്നറിയിപ്പ് നല്‍കണം.
നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. മൂന്നു ജില്ലകളിലായി മോട്ടോര്‍ വാഹന വകുപ്പിന്റെ 18 സ്ക്വാഡുകള്‍ രംഗത്തുണ്ട്.
ഭക്ഷ്യ സുരക്ഷാ വകുപ്പ്, എരുമേലി ഗ്രാമപഞ്ചായത്ത് എന്നിവയും നടപടികള്‍ വിശദീകരിച്ചു. ദേവസ്വം ബോര്‍ഡിനു കീഴില്‍ 2000 ഓളം ജീവനക്കാര്‍ രാപകല്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് അറിയിച്ചു. ഇതില്‍ 1360 പേര് താത്കാലിക ജീവനക്കാരാണ്. 25 ലക്ഷം അരവണയും മൂന്നര ലക്ഷം അപ്പവും സ്റ്റോക്ക് ഉണ്ട്.33000 പേര്‍ക്ക് അന്നം നല്കാന് കഴിയും. കടകളുടെ ലേല ഇനത്തില്‍ 213 ല്‍ 132 വില്പന വസ്തുക്കളുടെ കടകള്‍ ലേലത്തില്‍ പോയി. 18 ന് വീണ്ടും ലേലം നിശ്ചയിച്ചിട്ടുണ്ട്.
മണ്ഡല മകരവിളക്ക് മഹോത്സവം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ വകുപ്പുകളുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.അടിയന്തര ഘട്ടങ്ങളില്‍ ദുരന്തനിവാരണ അഥോറിറ്റിക്ക് എകോപനത്തോടെ പ്രവര്‍ത്തിക്കുന്നതിന് സന്നിധാനത്ത് പ്രത്യേക ഇടം അത്യാവശ്യമാണെന്ന് ജില്ലാ ഭുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.
700 പേര് അടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ ഗ്രീന്‍ ഗാര്‍ഡ്സ് 24 ഉം ഇക്കോ ഗാര്‍ഡ്സ് 30 ഉം ഉണ്ട്. റോഡിന് ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കു ചെയ്തു കഴിഞ്ഞു. അപകടകരമായ നിലയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി. 16 കുടിവെള്ള ടാങ്കുകള്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചു. 21 ഓടെ എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, കെ.യു. ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, ഇടുക്കി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്, പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ദേവസ്വം ബോര്‍ഡംഗങ്ങളായ എന്‍. വിജയകുമാര്‍, കെ.എസ്. രവി, ശബരിമല എഡിഎം എന്‍.എസ്.കെ. ഉമേഷ്, കെഎസ്ആർടിസി എംഡി എം.പി. വിനോദ്, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എം. ഹര്ഷന്, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ജി. കൃഷ്ണകുമാര്‍, ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.