ആലപ്പുഴ: ഉറപ്പിക്കാൻ ഇടതും പിടിച്ചെടുക്കാൻ വലതും ആഞ്ഞിറങ്ങുന്പോൾ ആലപ്പുഴയിലും ഇക്കുറി പോരാട്ടം കനക്കും. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് രണ്ടുടേമുകളിലായി അടക്കിവാഴുന്ന ആലപ്പുഴയിൽ ഇക്കുറി അദ്ദേഹം തന്നെ ഇറങ്ങുമോയെന്ന് ഉറപ്പിക്കാറായിട്ടില്ല. മാരാരിക്കുളം, ആലപ്പുഴ മണ്ഡലങ്ങളിലായി നാലുതവണ തുടർച്ചയായി എഎൽഎയായിട്ടുള്ള ഡോ. തോമസ് ഐസക്കിന് സ്ഥാനം ഉറപ്പിക്കാനായാൽ ജില്ലയിലെ തന്നെ മികച്ച മത്സരമുള്ള മണ്ഡലമായി ആലപ്പുഴ മാറും. തുടർച്ചയായി വിജയിച്ചവരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് അവസരം നല്കണമെന്നുവന്നാൽ ഡോ. ഐസക്കിനു പകരം ആളുവന്നേക്കും.
എന്നാൽ നിലവിലെ സാഹചര്യത്തിൽ തുടർഭരണത്തിനുള്ള വിജയം ഉറപ്പിക്കാൻ അദ്ദേഹത്തെതന്നെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. ഡോ. തോമസ് ഐസക്കില്ലെങ്കിൽ കെ.ടി. മാത്യു, പി.പി. ചിത്തരഞ്ജൻ തുടങ്ങിയവരിലാരെങ്കിലും എത്താൻ സാധ്യതയുണ്ട്.
യുഡിഎഫിലാകട്ടെ 2006-11 കാലഘട്ടത്തിൽ കെ.സി. വേണുഗോപാലിനെ പിന്തുടർന്ന് എ.എ. ഷുക്കൂർ എംഎൽഎ ആയതിനു ശേഷം കോണ്‍ഗ്രസിന് മണ്ഡലം പിടിക്കാനായിട്ടില്ല. കഴിഞ്ഞ തവണ ജില്ലയ്ക്കു പുറത്തുനിന്നുള്ള ലാലി വിൻസെന്റ് എന്ന സ്ഥാനാർഥിയായിരുന്നു മത്സരരംഗത്ത്. തീരദേശം ഉൾപ്പെടുന്ന മണ്ഡലം കൂടിയായതിനാൽ ആ പരിഗണന കൂടിയുണ്ടായേക്കും. പണ്ട് ഇടതുപക്ഷത്തുനിന്നും എംപിയായിട്ടുള്ള ഡോ. കെ.എസ്. മനോജ് ഇപ്പോൾ കോണ്‍ഗ്രസ് പാളയത്തിലാണ്. അദ്ദേഹമോ കെപിസിസി ഭാരവാഹികളായ എ.എ. ഷുക്കൂറോ എം.ജെ. ജോബോ മത്സരരംഗത്തേക്കെത്തിയേക്കും. ബിജെപിയുൾപ്പെടുന്ന എൻഡിഎയും തീരദേശ മേഖലയുമായി ബന്ധപ്പെട്ട സ്ഥാനാർഥിക്കാകും പരിഗണന നല്‍കുകയെന്നും കേൾക്കുന്നു.
ആലപ്പുഴ നഗരസഭയിലെ ഒന്നുമുതൽ 19 വരെ ഡിവിഷനുകളും 45, 50 ഡിവിഷനുകളും ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം സൗത്ത്, മാരാരിക്കുളം നോർത്ത് എന്നീ പഞ്ചായത്ത് പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് നിലവിലെ ആലപ്പുഴ മണ്ഡലം. മാരാരിക്കുളം മണ്ഡലം ഇല്ലാതായതോടെ ചില കൂട്ടിച്ചേർക്കലുകളും ആലപ്പുഴ മണ്ഡലത്തിലുണ്ടായി. അതിനു ശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും ഡോ. ടി.എം. തോമസ് ഐസക്കാണ് വിജയിച്ചത്. 1957-ൽ സിപിഐയിലെ ടി.വി. തോമസ് ഇവിടെ നിന്നും വിജയിച്ചു. നഫീസത്ത് ബീവി (കോണ്‍ഗ്രസ്), പി.കെ. വാസുദേവൻനായർ(സിപിഐ), കെ.പി. രാമചന്ദ്രൻ നായർ(എൻഡിപി), റോസമ്മ പുന്നൂസ്(സിപിഐ), കെ.സി. വേണുഗോപാൽ(കോണ്‍ഗ്രസ്), എ.എ. ഷുക്കൂർ (കോണ്‍ഗ്രസ്) എന്നിവരും ഇവിടെനിന്നും എംഎൽഎമാരായി. ഇതിൽ ടി.വി. തോമസ്, കെ.പി. രാമചന്ദ്രൻ നായർ, പി.കെ. വാസുദേവൻ നായർ, കെ.സി. വേണുഗോപാൽ, ഡോ. ടി.എം. തോമസ് ഐസക് എന്നിവർ ഒന്നിൽ കൂടുതൽ തവണ ഇവിടെ നിന്നു എംഎൽഎമാരായി. ഇല്ലാതായ മാരാരിക്കുളം മണ്ഡലത്തിലും അവസാന രണ്ടു തെരഞ്ഞെടുപ്പുകളിൽ ഡോ. ടി.എം. തോമസ് ഐസക്കായിരുന്നു വിജയി.
ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ആലപ്പുഴയിൽ 1,96,208 വോട്ടർമാരാണുള്ളത്. ഇതിൽ 95,190 പുരുഷ വോട്ടർമാരും 1,01,018 സ്ത്രീ വോട്ടർമാരുമാണ്. വോട്ടർമാരെ ഇനിയും ചേർക്കാമെന്നതിനാൽ അന്തിമ കണക്കിൽ ഇനിയും മാറ്റമുണ്ടായേക്കാം.