മാവേലിക്കര: ഇടതുപക്ഷത്തെയും വലുതപക്ഷത്തെയും മാറിമാറി പിന്തുണച്ചിട്ടുള്ള മാവേലിക്കരയെ കൈക്കലാക്കാൻ മുന്നണികൾ ഒരുക്കങ്ങൾ ആരംഭിച്ചു. ആദ്യകാലങ്ങളിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെയും പിന്നീട് സോഷ്യലിസ്റ്റ് പാർട്ടിയെയും കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും പല ഘട്ടങ്ങളിലായി പിന്തുണച്ച പാരന്പര്യമാണ് മാവേലിക്കരയ്ക്കുള്ളത്. ഒന്നാം നിയമസഭയിലെ ഭക്ഷ്യ-വനം മന്ത്രി സിപിഐയിലെ കെ.സി. ജോർജ് മാവേലിക്കര മണ്ഡലത്തിന്റെ സംഭാവനയായിരുന്നെന്നതും പ്രത്യേകതയാണ്. ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മാറി മാറി പിന്തുണയ്ക്കുന്ന കാഴ്ചയായിരുന്നു ഒരു കാഘട്ടത്തിലെങ്കിൽ നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് ശക്തമായ സ്വാധീനം മാവേലിക്കരയിലുണ്ട്.
കേവലം മൂന്നുശതമാനം വോട്ടിൽ നിന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുപ്പതിനായിരത്തിൽ പരം വോട്ടുകളിലേക്ക് ബിജെപി വളരുകയും ചെയ്തിരുന്നു. മാവേലിക്കര മുനിസിപ്പാലിറ്റി, ചുനക്കര, തെക്കേക്കര, താമരക്കുളം, നൂറനാട് , പാലമേൽ, തഴക്കര, വള്ളികുന്നം എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മാവേലിക്കര. പഴയ പന്തളം മണ്ഡലത്തിലെ ചുനക്കര, പാലമേൽ, നൂറനാട്, താമരക്കുളം പഞ്ചായത്തുകൾ ചേർത്തും പഴയ മാവേലിക്കര മണ്ഡലത്തിലുൾപ്പെട്ടിരുന്ന ചെന്നിത്തല പഞ്ചായത്ത് ചെങ്ങന്നൂരിലേക്ക് മാറ്റിയും, ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകൾ കായംകുളം നിയോജക മണ്ഡലത്തിലേക്ക് ചേർത്തും പുനർ നിർണയിച്ചതാണ് നിലവിലുള്ള മണ്ഡലം. 2011 മുതൽ സംവരണമണ്ഡലമാണ്.
ആദ്യഘട്ടത്തിൽ ദ്വയാംഗ മണ്ഡലമായിരുന്ന മാവേലിക്കരയിൽ നിന്ന് കെ.സി. ജോർജ് 1957ൽ വിജയിച്ചു. മന്ത്രി എ.കെ. ബാലന്റെ ഭാര്യാപിതാവും മുൻ സിപിഎം നേതാവുമായിരുന്ന പി.കെ. കുഞ്ഞച്ചനാണ് ഒപ്പം വിജയിച്ചത്. 1960ൽ സിപിഐയിലെ ഇറവങ്കര ഗോപാലക്കുറുപ്പും പി.കെ. കുഞ്ഞച്ചനും മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1965ലെ തെരഞ്ഞെടുപ്പിൽ ദ്വയാംഗമണ്ഡലം മാറി. അന്ന് കോണ്‍ഗ്രസിലെ കെ.കെ. ചെല്ലപ്പൻപിള്ള വിജയിച്ചു. നിയമസഭ കൂടാഞ്ഞതിനാൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തില്ല. തുടർന്നു സപ്തമുന്നണി സ്ഥാനാർത്ഥിയായ എസ്എസ്പി സ്ഥാനാർത്ഥി ജി. ഗോപിനാഥപിള്ള വിജയിച്ചു. 1970ലും അദ്ദേഹം വിജയം ആവർത്തിച്ചു. 77ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രൻ എൻ. ഭാസ്കരൻ നായർ വിജയിച്ചു.
1980, 82, 87 തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിലെ എസ്. ഗോവിന്ദകുറുപ്പ് മണ്ഡലത്തിൽ ഹാട്രിക് വിജയം കരസ്ഥമാക്കി. എന്നാൽ 1991ൽ കോണ്‍ഗ്രസിലെ എം. മുരളി ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി മണ്ഡലം യുഡിഎഫ് പക്ഷത്ത് എത്തിച്ചു. 1996, 2001, 2006 തെരഞ്ഞെടുപ്പുകളിൽ എം. മുരളി മണ്ഡലത്തിൽ വിജയം ആവർത്തിച്ചുകൊണ്ടേയിരുന്നു.സംവരണ മണ്ഡലമായതോടെ 2011ൽ യുഡിഎഫിലെ കെ.കെ. ഷാജുവിനെ തോൽപ്പിച്ച് സിപിഎമ്മിലെ ആർ. രാജേഷ് മണ്ഡലം തിരിച്ചു പിടിച്ചു. 2016ലും രാജേഷ് വിജയം ആവർത്തിച്ചു.
അഞ്ചുതവണ സിപിഎമ്മിനെയും അഞ്ചുതവണ കോണ്‍ഗ്രസിനെയും രണ്ടുപ്രാവശ്യം സോഷ്യലിസ്റ്റ് പാർട്ടിയെയും രണ്ടുപ്രാവശ്യം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയെയും മണ്ഡലം പിൻതുണച്ചു. ഇത്തവണ സിപിഎമ്മിൽ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ മാവേലിക്കരയിൽ തുടക്കത്തിലേ കല്ലുകടിയായി. സിറ്റിംഗ് എംഎൽഎ ആർ. രാജേഷ് രണ്ടുടേം പൂർത്തീകരിച്ചതോടെ തനിക്ക് മത്സരിക്കണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ കെ. രാഘവനും രംഗത്തെത്തിയിരുന്നു. ഡിവൈഎഫ് ഐ നേതാവ് എം.എസ്. അരുണിന്റെ പേരാണ് ഇപ്പോൾ ഉയരുന്നത്. യുഡിഎഫിൽ മുൻ എംഎൽഎ കെ.കെ. ഷാജുവിന്റെയും മുൻ ചെങ്ങന്നൂർ നഗരസഭാ ചെയർമാൻ കെ. ഷിബുരാജന്റെയും പേരുകളാണ് ഉയരുന്നത്. ദളിത് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ബൈജു.സി.മാവേലിക്കരയുടെ പേരുൾപ്പെടെ പുതുമുഖങ്ങളുടെ കൂട്ടത്തിൽ ഉയരുന്നുണ്ട്.
ബിജെപിയിൽ നിന്നും ഹിന്ദു ഐക്യവേദി നേതാവായ വിനോദ് ഉന്പർനാടിന്റെ പേരാണ് ഉയരുന്നത്. ഇദ്ദേഹത്തെ കൂടാതെ ബിജെപി സംസ്ഥാന നേതാക്കളായ രേണു സുരേഷ്, പി. സുധീർ, പി.എം. വേലായുധൻ, യുവമോർച്ച നേതാവ് ശ്യാം രാജ്, പ്രസാർ ഭാരതി ഡെപ്യൂട്ടി ഡയറക്ടർ മുരളീധരൻ കുന്നം, ബാലകൃഷ്ണൻ ഇറവങ്കര എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. തഴവ സഹദേവന് വേണ്ടി ബിഡിജെഎസും രംഗത്തുണ്ട്. മാവേലിക്കര മണ്ഡലത്തിൽ 93184 പുരുഷന്മാരും 1,07,040 സ്ത്രീകളും ഉൾപ്പടെ 2,00,224പേരാണ് നിലവിൽ വോട്ടർമാരായുള്ളത്