ആലപ്പുഴ: വെള്ളപ്പൊക്കം ഇല്ലാതാക്കാൻ നഗരസഭ കൈക്കൊള്ളുന്ന നടപടികൾ വിലയിരുത്താനും സത്വരശ്രദ്ധ ആവശ്യമായ മേഖലകൾ ചർച്ച ചെയ്യാനും ആലപ്പുഴ നഗരസഭാ കൗൺസിലർമാരുടെ അടിയന്തര ഓൺലൈൻ യോഗത്തിൽ തീരുമാനമായി.
നഗരത്തിലെ 52 വാർഡുകളിലേയും ജല നിർഗമനമാർഗങ്ങൾ ശുചീകരിക്കുന്ന മഴയെത്തും മുന്പേ മാസ് ശുചീകരണ കാന്പയിൻ 49 വാർഡിലെ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. 40 തൊഴിലാളികൾ ഒരു വാർഡിൽ രണ്ടുദിവസം എന്ന കണക്കിൽ നടത്തിയ ഡീപ്പ് ക്ലീനിംഗ് പ്രവർത്തനങ്ങൾ നല്ല ഫലം ചെയ്തെന്ന് യോഗം വിലയിരുത്തി.
നഗരസഭയുടെ ജെസിബി ഉപയോഗിച്ച് പ്രതികൂല കാലാവസ്ഥയിലും വാടപ്പൊഴി, അയ്യപ്പൻ പൊഴി, മുതലപ്പൊഴി, തുമ്പോളിപ്പൊഴി എന്നിവ മുറിച്ചു. ആവശ്യം വന്നാൽ ഒരു ജെസിബി കൂടി വാടകയ്ക്കെടുക്കാൻ തീരുമാനിച്ചു.പമ്പിംഗ് മോട്ടോറുകൾ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉപയോഗിക്കുന്നുണ്ട്. ലജ്നത്ത്, സക്കറിയ വാർഡുകളിലെ വെള്ളക്കെട്ട് പരിഹരിച്ചു വരികയാണ്. എടുക്കുന്ന മാലിന്യം സ്ഥലം കണ്ടെത്തി നിക്ഷേപിക്കാൻ തീരുമാനിച്ചു. തത്തം പളളി, പുന്നമട വാർഡുകളിലെ വെള്ളക്കെട്ട് പൊതുമരാമത്ത് വകുപ്പിന്റെ കൂടി സഹായത്തോടെ പരിഹരിക്കാൻ യോഗം നിർദ്ദേശം നൽകി.
മഴക്കാലപൂർവ മുന്നൊരുക്കങ്ങളുടെ ഭാഗമായി റവന്യു, കെഎസ്ഇബി, പൊതുമരാമത്ത്, ഫയർഫോഴ്സ് വകുപ്പുകളുടെ യോഗം നഗരസഭ വിളിച്ചിരുന്നു. അതിൽ എടുത്ത തീരുമാനങ്ങളുടെ പ്രവർത്തന പുരോഗതി അടിയന്തിര യോഗം വിളിച്ച് വിലയിരുത്താൻ തീരുമാനിച്ചു. നഗരത്തിലെ വൈറ്റ് ടോപ്പിംഗ് റോഡുകളുടെ വശങ്ങളിൽ കൊരുപ്പ് കട്ടകൾ പാകുന്ന പണി വേഗത്തിലാക്കാൻ പൊതുമരാമത്ത് നിരത്ത് വിഭാഗത്തോട് യോഗംആവശ്യപ്പെട്ടു.
നഗരസഭാധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബീന രമേശ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. ബാബു, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ. വിനീത, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു, എം.ആർ. പ്രേം, നഗരസഭ സെക്രട്ടറി നീതുലാൽ, ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ മാർ എന്നിവർ പ്രസംഗിച്ചു.