ആലപ്പുഴ: രൂക്ഷമായ കടൽക്കയറ്റവും മണ്ണെണ്ണ വില വർധനയും ജീവിതത്തിനു ഭീഷണിയാകുന്പോൾ നിസഹായരായി തീരജനത. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ തീരദേശമേഖലയിൽ അനുഭവപ്പെടുന്ന കടലാക്രമണം മത്സ്യമേഖലയിലെ ജീവിതം ദുരിതത്തിലാക്കുകയാണ്. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, വലിയഴീക്കൽ, പെരുമ്പള്ളി, പല്ലന, കുറ്റിക്കാട്, പുറക്കാട്, മാധവൻ മുക്ക്, ചേന്നവേലി, ഒറ്റമശേരി, പള്ളിത്തോട് എന്നിവിടങ്ങളിലാണ് കയൽക്കയറ്റം ശക്തമായിട്ടുള്ളത്.
മണ്ണെണ്ണ
കത്തുന്പോൾ
പല ഭാഗങ്ങളിലും നിലവിലെ കടൽഭിത്തി താഴ്ന്നു കിടക്കുന്നതിനാൽ കൂറ്റൻ തിരമാലകൾ ഇവയ്ക്കു മുകളിലൂടെ ഇരച്ചുകയറുകയാണ്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലും ഒറ്റമശേരിയിലും നിരവധി വീടുകൾ ഏതു സമയവും കടൽ കവർന്നെടുക്കാവുന്ന അവസ്ഥയിലാണ്.
ഇതിനിടയിലാണ് വള്ളങ്ങളിലെ എൻജിനിൽ ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വില ലിറ്ററിന് 102 രൂപയിലേക്കെത്തിയത്. ട്രോളിംഗ് നിരോധന കാലത്തു വള്ളങ്ങൾക്കു മത്സ്യം ലഭിക്കുന്ന സമയത്തുതന്നെ മണ്ണെണ്ണ വില കുതിച്ചുയരുന്നതു കനത്ത തിരിച്ചടിയാണ്. മത്സ്യത്തിലൂടെ ലഭിക്കുന്ന ലാഭം ഇന്ധനത്തിലൂടെ നഷ്ടപ്പെടുന്ന അവസ്ഥ. അതുപോലെ ട്രോളിംഗ് നിരോധന സമയത്തു തീരക്കടൽ കനിയുമെന്നു കരുതിയെങ്കിലും വേണ്ടത്ര മത്സ്യവും ലഭിക്കുന്നില്ല. ചാകരപ്പാടും എങ്ങും പ്രത്യക്ഷപ്പെട്ടിട്ടില്ല.
തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങൾക്കു പൂവാലൻ ചെമ്മീൻ, അയല, മത്തി, കൊഴുവ, നത്തോലി തുടങ്ങി വിവിധയിനം മത്സ്യങ്ങളാണ് മുൻകാലങ്ങളിൽ സുലഭമായി ലഭിച്ചിരുന്നത്. ഇപ്പോൾ ഇവയൊന്നും കാണാനില്ലെന്നു മത്സ്യത്തൊഴിലാളികൾ പറയുന്നു.
ചെറുമത്സ്യങ്ങൾ
അഞ്ചു പേർ കയറുന്ന ചെറുവള്ളങ്ങളിലും ഒന്നോ രണ്ടോ തൊഴിലാളികൾ കയറുന്ന പൊന്ത് വള്ളങ്ങളിലും ലഭിക്കുന്ന ചെറുമത്സ്യങ്ങളുടെ വില്പനയാണ് തൊഴിലാളികൾക്ക് അല്പമെങ്കിലും ആശ്വാസം പകരുന്നത്.
ചെമ്മീൻ, അയല, മത്തി, മണങ്ങ്, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് പൊന്തുവള്ളക്കാർക്കു ലഭിക്കുന്നത്. ചെറുമത്സ്യങ്ങൾ ഇടനിലക്കാരെ ഒഴിവാക്കി വഴിയോരങ്ങളിൽ മത്സ്യത്തൊഴിലാളികൾ നേരിട്ടു വിൽക്കുകയാണിപ്പോൾ.
രാസവസ്തുക്കൾ പുരളാത്ത ഫ്രഷ് മത്സ്യം ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്കും ഇത്തരം മത്സ്യങ്ങളോടു താത്പര്യം കൂടുതലാണ്.
താത്കാലിക കടൽഭിത്തി
ഉടൻ: മന്ത്രി പി. പ്രസാദ്
ഒറ്റമശേരിയിലെ കടലേറ്റ പ്രദേശങ്ങളിൽ താത്കാലിക കടൽഭിത്തി നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. നിർമാണത്തിനാവശ്യമായ കരിങ്കല്ലിന്റെ അധികനിരക്ക് അംഗീകരിച്ച് മന്ത്രിസഭ ഉത്തരവായി. 95.45 ലക്ഷം രൂപയാണ് അനുവദിച്ചത്. ടെൻഡർ രേഖകളും അനുബന്ധ റിപ്പോർട്ടുകളും ലഭിക്കുന്ന മുറയ്ക്കു പ്രവൃത്തി ആരംഭിക്കും.
സംസ്ഥാന ക്വാട്ട ഇല്ലാതാക്കാൻ
കേന്ദ്ര നീക്കം: ടി.ജെ. ആഞ്ചലോസ്
ആലപ്പുഴ: മണ്ണെണ്ണ വില കുത്തനെ കൂട്ടിയതിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പ്രതിഷേധിച്ചു. സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ ക്വാട്ട പൂർണമായും ഇല്ലാതാക്കാനുള്ള കേന്ദ്രനീക്കത്തിന്റെ ഭാഗമാണ് ഇടവിട്ടുള്ള വില വർധനയെന്ന് അദ്ദേഹം പറഞ്ഞു. ലോക വ്യാപാര സംഘടനയുടെ ജനീവാ സമ്മേളനത്തിൽ മത്സ്യമേഖലയ്ക്കുള്ള സബ്സിഡികൾ റദ്ദാക്കണമെന്ന നിർദേശം ഉയർന്നു വന്നപ്പോൾ പകുതിയിലേറെ രാജ്യങ്ങളും എതിർത്തെങ്കിലും ഇന്ത്യൻ പ്രതിനിധിയായ മന്ത്രി പിയൂഷ് ഗോയൽ അനുകൂലിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീരവാസികളെ സഹായിക്കണം
കാലവർഷത്തിന്റെ ഭാഗമായുള്ള കടൽ കയറ്റം മൂലം ദുരിതം അനുഭവിക്കുന്ന തീരദേശവാസികളെ സഹായിക്കാൻ സർക്കാരും ഫിഷറീസ് വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് തൃക്കുന്നപ്പുഴയിലെ മത്സ്യത്തൊഴിലാളിയായ ജയപ്രകാശ് പറഞ്ഞു.