അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ് എസ്എന്‍ഡിപി യോഗം: വെള്ളാപ്പള്ളി
1300147
Sunday, June 4, 2023 11:27 PM IST
എടത്വ: കോണ്‍ഗ്രസും കമ്മ്യൂണിസവും ഇല്ലാതിരുന്ന അവസരത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായി മാറിയ സംഘടനയാണ് എസ്എന്‍ഡിപി യോഗമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വനിതാ സംഘം കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തില്‍ നടന്നുവന്ന ശാരദോത്സവം സമാപന സമ്മേളന ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീമിനും ലാറ്റിന്‍ കത്തോലിക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും എല്ലാം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് സമരം ആരംഭിച്ചതും വൈക്കം സത്യാഗ്രഹത്തിന് തുടക്കം കുറിച്ചതും എസ്എന്‍ഡിപി യോഗമായിരുന്നു. ജാതിയുടെ പേരില്‍ നീതി നിഷേധിപ്പെട്ട സമുദായമായി ഇപ്പോള്‍ ഈഴവ സമുദായം മാറി. ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തപ്പോഴും ഈഴവര്‍ ആദര്‍ശ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരുന്നു.
ഈ രാജ്യത്തെ സമ്പത്തും വ്യവസായവും ജാതി രാഷ്ട്രീയം പറഞ്ഞവരുടെ കൈയ്യിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
വനിതാ സംഘം യൂണിയന് പ്രസിഡന്റ് ശാന്ത സി.പി. അധ്യക്ഷത വഹിച്ചു. യൂണിയന് വൈദിക സമിതി ചെയര്മാന് സുജിത്ത് തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. ചെയര്മാന് പച്ചയില്‍ സന്ദീപ്, കണ്‍വീനര്‍ അഡ്വ. പി. സുപ്രമോദം തുടങ്ങിയവർ പ്രസംഗിച്ചു.