കടൽ സുരക്ഷ: പരിശീലന പരിപാടി
1339000
Thursday, September 28, 2023 10:29 PM IST
ആലപ്പുഴ: തീരക്കടലിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ രൂപതയും തിരുവനന്തപുരം ബോണ്ട് സഫാരി കമ്പനിയും സംയുക്തമായി നടത്തിയ സുരക്ഷാ പരിപാടിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടറും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി മേധാവിയുമായ ആശ സി. ഏബ്രഹാം നിർവഹിച്ചു. ബോണ്ട് സഫാരിയുടെ സ്ക്യൂബാ ഡൈവിംഗ് ടീമിനെ ആലപ്പുഴ അസാപ് സ്കിൽ ഡെവലപ്മെന്റ് പാർക്കിൽ സ്ഥിരമായി വിന്യസിച്ചു.
മത്സ്യത്തൊഴിലാളികൾക്കുള്ള സുരക്ഷാ പരിശീലന പരിപാടി ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി അധ്യക്ഷത വഹിച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇമ്മാനുവേൽ, സ്വതന്ത്ര മൽസ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ബില്യം, അമ്പലപ്പുഴ ഫിഷറീസ് ഓഫീസർ പി.എസ്. സൈറസ്, അസാപ് പ്രോഗ്രാം മാനേജർ കവിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
മത്സ്യത്തൊഴിലാളികളുടെ പരിശീലന പരിപാടി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാൻ ഇമ്മാനുവേൽ നിർദേശിച്ചു. കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ നേതൃത്വം കൊടുക്കാൻ റോയി പി. തിയോച്ചൻ സന്നദ്ധത അറിയിച്ചു.