പട്ടികജാതി കോളനിയിലെ കാന വൃത്തിയാക്കി
1339003
Thursday, September 28, 2023 10:29 PM IST
പൂച്ചാക്കൽ: പട്ടികജാതി കോളനിയിലെ മലിനജനം നിറഞ്ഞ കാന വൃത്തിയാക്കി. പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. മലിനജലം കെട്ടിക്കിടന്ന കാന ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്ന കോളനി നിവാസികളുടെ ആശങ്ക ദീപിക കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു.
തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ രതി നാരായണൻ, പ്രിയ ജയറാം,അംബിക ശശിധരൻ, ആരോഗ്യം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡിലെ പട്ടികജാതി കോളനി നിവാസികൾ പകർച്ചവ്യാധി ഭീഷണി നേരിട്ടിരുന്ന കാനയാണ് വൃത്തിയാക്കിയത്.
കോളനിയുടെ നടുവിലൂടെ കടന്നുപോകുന്ന കാനയിൽ ചെളിയും മാലിന്യവും നിറഞ്ഞതിനാൽ ഒഴുക്ക് നിലച്ചിരിക്കുകയായിരുന്നു. വേമ്പനാട്ട് കായലിനെയും പൂച്ചാക്കൽ തോടിനെയും ബന്ധിച്ചു കിടക്കുന്ന കാനയാണിത്. വേലിയേറ്റ സമയങ്ങളിൽ പൂച്ചാക്കൽ തോട്ടിൽനിന്നും കയറിവരുന്ന മാലിന്യങ്ങൾ തിരികെ ഒഴുകിപ്പോകാത്തതിനാൽ കാനയിൽ മാലിന്യം കെട്ടിക്കിടക്കും. പൂച്ചാക്കൽ മത്സ്യ മാർക്കറ്റുകളിൽനിന്നും തോട്ടിലേക്ക് തള്ളുന്ന മത്സ്യമാലിന്യങ്ങൾ വേലിയേറ്റ സമയത്ത് കാനയിൽ നിറയും. പൂച്ചാക്കൽ തോട്ടിൽ കുളിച്ച പത്താം ക്ലാസ് വിദ്യാർഥി ബ്രെയിൻ ഈറ്റിംഗ് അമീബ ബാധിച്ചു മരണപ്പെട്ടിട്ട് മൂന്നു മാസമാകുന്നതേയുള്ളു.
അന്ന് പൂച്ചാക്കൽ തോട് വൃത്തിയാക്കും എന്ന പ്രഖ്യാപനം വാക്കുകളിൽ മാത്രമായി ഒതുങ്ങി. മഴ പെയ്യുമ്പോൾ കാന നിറഞ്ഞ് പുറത്തേക്ക് ഒഴുകി കോളനി നിവാസികളുടെ വീടുകളുടെ അകത്ത് കയറിയിരുന്നു.