പുഞ്ചകൃഷിക്ക് ആവശ്യമായ നെൽവിത്ത് ഉറപ്പാക്കണമെന്ന്
1339242
Friday, September 29, 2023 11:13 PM IST
ആലപ്പുഴ: പുഞ്ചകൃഷിക്ക് ആവശ്യമായ നെൽവിത്തുകൾ കൃഷിക്കാർക്ക് ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ഒക്ടോബർ പകുതിയോടെ കുട്ടനാട്ടിലെ കൃഷി ആരംഭിക്കേണ്ട പാടശേഖരത്തിൽ വിതയ്ക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. ഏകദേശം 27000 ഹെക്ടർ സ്ഥലത്ത് പുഞ്ചകൃഷി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 2700 ടൺ നെൽവിത്ത് വേണമെന്നിരിക്കെ ആവശ്യമായ കരുതൽ സർക്കാരിന്റെ ഭാഗത്ത് ഉണ്ടാകണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു.
സംസ്ഥാനത്തിന് ആവശ്യമായ നെൽവിത്തുകൾ എത്തിക്കുന്നത് നാഷണൽ സീഡ് കോർപറേഷൻ, കർണാടക സീഡ് കോർപറേഷൻ, കേരള സീഡ് കോർപറേഷൻ എന്നീ ഏജൻസികൾ മുഖാന്തിരമാണ്. ഇവരുടെ കൈവശം മതിയായ ശേഖരം ഉണ്ടെന്ന് ഉറപ്പാക്കണം.
സ്വകാര്യമായി നെൽവിത്തുകൾ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. മോശം കാലാവസ്ഥയിൽ ഉണ്ടാകുന്ന നെല്ല് വിത്തായി ഉപയോഗിക്കാൻ സാധ്യമല്ല. മാത്രമല്ല കവടയും വരിനെല്ലും കൂടുതലായി നെല്ലിന്റെ കൂടെ ഉണ്ടാകുന്നതുകൊണ്ട് വിത്തായി അവയെ മാറ്റാൻ സാധ്യമല്ല.
നിലവിൽ രണ്ടാം കൃഷിയുടെ കൊയ്ത്തു നടക്കാനിരിക്കുന്ന സന്ദർഭത്തിൽപോലും കൊയ്ത്ത് മെഷീന്റെ വാടകയും എണ്ണവും ഉറപ്പാക്കാനോ കൊയ്ത്ത് മെഷീന്റെ കൂലി നിശ്ചയിക്കാനോ നാളിതുവരെ തയറാകാത്തത് പ്രതിഷേധാർഹമാണ്.
ആലപ്പുഴയിൽ ചേർന്ന കർഷക ഫെഡറേഷൻ നേതൃ യോഗത്തിൽ വർക്കിംഗ് പ്രസിഡണ്ട് ആന്റണി കരിപ്പാശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ കുമരകം, രാജൻ മേപ്രാൽ, ഹക്കീം മുഹമ്മദ് രാജാ, ജോസ് പൂണിച്ചിറ , ഇ. ഷാബുദീൻ, ജോർജ് തോമസ് ഞാറക്കാട്, ജേക്കബ് എട്ടുപറയിൽ,തോമസ് ജോൺ, എം. അബൂബക്കർ മാന്നാർ, ഡി.ഡി. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.