ഒറ്റദിവസം, ഒറ്റമണിക്കൂർ: ജില്ലാതല തീവ്ര ശുചീകരണയജ്ഞം സംഘടിപ്പിച്ചു
1339751
Sunday, October 1, 2023 10:35 PM IST
ആലപ്പുഴ: സ്വച്ഛതാ ഹി സേവാ കാമ്പയിന്റെ ഭാഗമായുള്ള തീവ്ര ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം എ.എം. ആരിഫ് എംപി നിർവഹിച്ചു. രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഒറ്റദിവസം, ഒരൊറ്റ മണിക്കൂർ പരിപാടിയുടെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ പ്രതിജ്ഞയും എംപി. ചൊല്ലിക്കൊടുത്തു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിലെ നൂറിലധികം വരുന്ന ജവാൻമാർ കാമ്പയിനിന്റെ ഭാഗമായി.
ആലപ്പുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ അധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ എ.എസ്. കവിത, എം.ആർ. പ്രേം, നസീർ പുന്നയ്ക്കൽ, എം.ജി. സതീദേവി, വാർഡ് കൗൺസിലർമാരയ ബി. നസീർ, ബിന്ദു തോമസ്, ഹെലൻ ഫെർണാണ്ടസ്, റഹിയാനത്ത്, മുഹമ്മദ് കുഞ്ഞ് ആശാതുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
രാവിലെ പത്തുമുതൽ പതിനൊന്നുവരെയുള്ള ഒരു മണിക്കൂറിൽ ജില്ലയിലെ 1599 കേന്ദ്രങ്ങളിലായാണ് തീവ്ര ശുചീകരണ യജ്ഞം നടത്തിയത്. ബസ് സ്റ്റാ ൻഡ്, റെയിൽവേ സ്റ്റേഷൻ, പാർക്കുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ, മാർക്കറ്റുകൾ തുടങ്ങി വിവിധ പൊതുയിടങ്ങളാണ് ശുചീകരിച്ചത്. നഗരസഭയിൽ ഒരു ഡിവിഷനിൽ രണ്ടു പ്രവർത്തികളും പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ ഓരോ പ്രവർത്തികളുമാണ് നടത്തിയത്.