വീടുകയറി വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതിക്ക് ആറുമാസം തടവും പിഴയും
1373363
Sunday, November 26, 2023 12:20 AM IST
ചെങ്ങന്നൂർ: അയൽവാസിയായ വീട്ടമ്മയെ വാടകവീട്ടിൽ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്ക് അറുമാസം തടവും പിഴയും.
ചെങ്ങന്നൂർ അങ്ങാടിക്കൽ, തലക്കോട്ട് വടക്കേതിൽ വീട്ടിൽ പ്രവീൺ ദാസിന്റെ ഭാര്യ തുളസി എന്നു വിളിക്കുന്ന ശാന്തമ്മയെയാണ് ആറു മാസം തടവിനും 10000 രൂപ പിഴയ്ക്കും ശിക്ഷിച്ച് ചെങ്ങന്നൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അനുപമ എസ്.പിള്ള ഉത്തരവായത്.
2015 ൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷാവിധി. അയൽവാസിയുടെ മകളെ ഉപരിപഠനത്തിന് അയയ്ക്കുന്നതിലുള്ള വിരോധത്തിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അയൽവാസിയും ബന്ധുവുമായ ശാന്തമ്മ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും ഇഷ്ടിക ഉപയോഗിച്ച് മുഖത്തും തലയിലും ഇടിക്കുകയുമായിരുന്നുവെന്നായിരുന്നു കേസ്.
ചെങ്ങന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എ.എസ്. നെറ്റോ, സീനിയർ സിപിഒ അബ്ദുൾ ലത്തീഫ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ വി.ശോഭ വിനോദ് ഹാജരായി.