അരൂരിൽ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
1532653
Thursday, March 13, 2025 11:39 PM IST
തുറവൂർ: കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ. എരമല്ലൂർ ജംഗ്ഷനു കിഴക്കുവശം എരമല്ലൂർ കുടപ്പുറം റോഡിൽ ഒരു കിലോ 114 ഗ്രാം കഞ്ചാവുമായി ആസാം സ്വദേശിയായ മോണി ഗോഗോയ്(30) എന്നയാളെയാണ് അരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കേരള പോലീസ് ലഹരിക്കടത്തുകാർക്കെതിരേ സംസ്ഥാനമൊട്ടാകെ നടത്തുന്ന ഡി -ഹണ്ടിനോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചേർത്തല എഎസ്പി ഹാരിഷ് ജയിന്റെ നിർദേശപ്രകാരം അരൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കഞ്ചാവ് പിടികൂടിയത്.
എസ്ഐമാരായ ഗീതുമോൾ, സാജൻ, സീനിയർ സിപിഒ ശ്രീജിത്ത്, സിപിഒമാരായ രതീഷ് കെ. ആർ, നിതീഷ്, വിജീഷ്, ജോമോൻ, ശ്യാംജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അതിഥി തൊഴിലാളികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായിട്ടാണ് ഇയാൾ കഞ്ചാവ് അന്യസംസ്ഥാനത്തുനിന്ന് എത്തിച്ചിരുന്നത്. അതിഥി തൊഴിലാളികൾക്കിടയിൽ കൂടുതലായി ലഹരിവസ്തുകളുടെ ഉപയോഗം ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുള്ളതിനാൽ ഇതരസംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും കർശനമായ പരിശോധന നടത്തുമെന്ന് ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ അറിയിച്ചു.
കഴിഞ്ഞ ആറുമാസത്തിനുള്ളിൽ അരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിന്നു 40 കിലോയോളം കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും പിടികൂടാൻ അരൂർ പോലീസിന് സാധിച്ചു. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.