ഓൺലൈൻ തട്ടിപ്പ് പ്രതികളെ പിടികൂടി
1542784
Tuesday, April 15, 2025 11:53 PM IST
ചേർത്തല: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട നേപ്പാൾ സ്വദേശികൾ അടക്കം നാലുപേരെ ചേർത്തല പോലീസ് അറസ്റ്റ് ചെയ്തു. ഇതരസംസ്ഥാന നിവാസികളായ അജിത്ത് ഘട്ക, അഭിനീത് യാദവ്, സഞ്ജയ് ദുബെ, പ്രിൻസ് ദേവ് എന്നിവരാണ് ചേർത്തല പോലീസിലെ പ്രത്യേക അന്വഷണ സംഘത്തിന്റെ പിടിയിലായത്.
2024ൽ ചേർത്തല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ചേർത്തല എസ്ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തർപ്രദേശ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടു യുപി സ്വദേശികൾ അറസ്റ്റിലാവുകയും റിമാൻഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
അവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടു യുപി സ്വദേശികളും രണ്ടു നേപ്പാൾ സ്വദേശികളും പിടിയിലായിട്ടുള്ളത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഓൺലൈൻ തട്ടിപ്പ് നടത്തി അതുവഴി ലഭിക്കുന്ന പണം വിദേശ കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുകയാണ് ഇവരുടെ രീതി.
ഒന്നരമാസത്തിന് മുമ്പ് യുപി യിൽനിന്ന് അറസ്റ്റ് ചെയ്ത സഹിൽ, ശുഭം ശ്രീനിവാസ്തവ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് യുപി സ്വദേശിയായ അഭിനീത് യാദവ് എന്നയാൾക്കും സഞ്ജയ് ദുബെ എന്നയാൾക്കും തട്ടിപ്പിൽ നിർണായക പങ്കുണ്ടെന്ന് മനസിലാക്കിയത്.
തുടർന്ന് ചേർത്തലയിലെ പോലീസ് ഇരുവരെയും ഉത്തർപ്രദേശിലെ ഹാഷിയാന എന്ന സ്ഥലത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും ചോദ്യം ചെയ്യുകയും കൈയിലുള്ള ഡിജിറ്റൽ ഡിവൈസുകൾ പരിശോധിച്ചതിൽ നിന്നും പിടിയിലായ നേപ്പാൾ സ്വദേശികൾക്കാണ് ഇവർ രാജ്യത്ത് തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണവും അതിനായി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസും കൈമാറുന്നതെന്ന് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് നേപ്പാൾ സ്വദേശികൾ രഹസ്യമായി താമസിക്കുന്ന സ്ഥലം കണ്ടുപിടിച്ച് ഇരുവരെയും പിടികൂടുകയായിരുന്നു.
നേപ്പാൾ സ്വദേശികളുടെ പക്കൽ നിന്നും തട്ടിപ്പിനായി ശേഖരിച്ച വിവിധ ബാങ്ക് പാസ് ബുക്കുകളും കണ്ടെടുത്തിട്ടുണ്ട്. ചോദ്യം ചെയ്തതിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ തട്ടിപ്പ് നടത്തി ശേഖരിക്കുന്ന ബാങ്ക് പാസ് ബുക്ക്, അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവയെല്ലാം ടെലഗ്രാം ഗ്രൂപ്പ് വഴി വിദേശ രാജ്യത്ത് നിയന്ത്രിക്കപ്പെടുന്ന കമ്പനികളാണ് കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്തി.
പ്രതികളെ ജില്ലാ ജയിലിൽ റിമാൻഡ് ചെയ്യുകയും തുടർന്ന് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുകയും ചെയ്യും. ഇതോടൊപ്പം ചേർത്തല സ്വദേശിയെ കബളിപ്പിച്ച് 90 ലക്ഷം രൂപ തട്ടിയെടുത്ത മറ്റൊരു കേസിലെ പ്രധാന പ്രതിയായ ഗുജറാത്ത്, ജുനഗഢ് സ്വദേശിയായ ഗോസ്വാമി സുമിത്ഗിരി എന്നയാളെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും സുചനയുണ്ട്.
ചേർത്തല എഎസ്പി ഹരീഷ് ജയിനിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ജി. അരുണ്‍, എസ്ഐ അനിൽകുമാർ, എസ്ഐമാരായ ആദർശ്, ബിനു, എസിപിഒമാരായ സതീഷ്, സുധീഷ്, അനീഷ്, സിപിഒമാരായ ഭരത്, കോണ്സ്റ്റന്റൈന്, ലിജോ, ധൻരാജ് ഡി. പണിക്കർ എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു.