ചേര്‍ത്തല സെന്റ് മേരീസ് പാലം നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന്
1567600
Sunday, June 15, 2025 11:49 PM IST
ചേര്‍ത്തല: ചേര്‍ത്തല സെന്റ് മേരീസ് പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ വിംഗ് ചേര്‍ത്തല താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പാലം നിര്‍മാണത്തിലെ അപാകവും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയതായും പ്രസിഡന്റ് ഐസക് വര്‍ഗ്ഗീസ്, സെക്രട്ടറി സി. മുത്തുസ്വാമി, ലീഗല്‍ അഡ്വൈസര്‍ അഡ്വ. സോമനാഥന്, മറ്റ് ഭാരവാഹികളായ ടി.പി. ഉത്തമന്, സ്റ്റഫെര്ഡ് ബര്ക്കലിന്, കെ.എന്‍.കെ. കുറുപ്പ്, പി.എ. പരമേശ്വരന്, ശിവദാസ പണിക്കര്‍, അഡ്വ.വിജയന് നായര്‍ എന്നിവര്‍ പറഞ്ഞു.
2022 ല്‍ പാലം പൊളിക്കുന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ പാലം പൊളിക്കരുതെന്ന് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പാലം അപകടാവസ്ഥയിലാണെന്ന് ആരും റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ലെന്ന് അവര്‍ പറഞ്ഞു. കാലപ്പഴക്കമില്ലാത്ത പാലം പൊളിച്ച് ചേര്‍ത്തല നഗരത്തെ ഗതാഗതകുരുക്കിലേക്ക് തള്ളി വിട്ടു. ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും എന്ന് പ്രഖ്യാപിച്ചിട്ട് സാങ്കേതിക തകരാറുകള്‍ ഉണ്ടാക്കി വകുപ്പുകള്‍ തന്നെ കാലതാമസം വരുത്തി.
60ശതമാനം പണി പൂര്‍ത്തിയാക്കിയപ്പോള്‍ ഇറിഗേഷന്‍ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്കി തടസം സൃഷ്ടിച്ചു. 2024 ജനുവരിയില്‍ ഈ തടസം മാറിയെങ്കിലും പണി തുടങ്ങാന്‍ കരാറുകാരനോ നടത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥരോ തയ്യാറായില്ല. പരാതികള്‍ വ്യാപകമായപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങിയെങ്കിലും തീര്‍ത്തും ഗുണമേന്മയില്ലാത്ത നിര്‍മാണ വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അവര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു.