അപ്പർ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; റോഡുകളില്‍ വെള്ളം കയറി
1568171
Wednesday, June 18, 2025 12:03 AM IST
എടത്വ: ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഗ്രാമീണ റോഡുകള്‍ പലതും വെള്ളം കയറി മുങ്ങി. മുട്ടാര്‍, തായങ്കരി, കളങ്ങര റോഡുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു
ഒരാഴ്ച മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ വീടുവിട്ട് ക്യാമ്പുകളില്‍ അഭയം തേടിയ ദുരിതബാധിതര്‍ തിരികെ വീടുകളിലെത്തി സാധാരണ നിലയിലേക്കു മടങ്ങുമ്പോഴാണ് അടുത്ത വെള്ളം വീട്ടുമുറ്റത്ത് എത്തിയത്. മഴയ്ക്ക് അല്പം ശമനം വന്നെങ്കിലും പമ്പ, മണിമല, അച്ചന്‍കോവിലാറുകളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. തലവടി, വീയപുരം, തകഴി, മുട്ടാര്‍, ചെറുതന പഞ്ചായത്തിലെ ഒട്ടുമിക്ക വീടുകൾക്കു ചുറ്റും വെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളം ഇനിയും ഉയര്‍ന്നാല്‍ തലവടി പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറും. ആശങ്കയോടു കൂടിയാണ് താമസക്കാര്‍ വീടിനുള്ളില്‍ കഴിയുന്നത്. ചക്കുളത്തുകാവ് ക്ഷേത്ര മൈതാനവും വെള്ളത്തില്‍ മുങ്ങി.
തലവടി കുന്നുമ്മാടി -കുതിരച്ചാല്‍ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയത്. കാലവര്‍ഷം ആരംഭിച്ച് രണ്ടാം തവണയാണ് അപ്പര്‍ കുട്ടനാട് വെള്ളത്തില്‍ മുങ്ങുന്നത്. കഴിഞ്ഞ കെടുതിയില്‍ പ്രദേശത്ത് മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശിയടിച്ച് നിരവധി വീടുകള്‍ മരം വീണും മേല്‍ക്കൂര പറന്നുപോയും തകര്‍ന്നിരുന്നു. കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ നൂറിലേറെ വീടുകള്‍ തകര്‍ന്നിരുന്നു.
താഴ്ന്ന പ്രദേശങ്ങളിലെ സ്കൂള്‍ മുറ്റങ്ങള്‍ വെള്ളത്തിലായി. കൂടാതെ ഉള്‍പ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്താനും കഴിയാത്ത അവസ്ഥയാണ്.