തീരവും തീരജനതയും സംരക്ഷിക്കപ്പെടണം: ഫാ. സേവ്യര്‍ കുടിയാംശേരി
1568175
Wednesday, June 18, 2025 12:03 AM IST
ആലപ്പുഴ: കടല്‍ത്തീരവും തീരജനതയും സംരക്ഷിക്കപ്പെടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആലപ്പുഴ രൂപത പിആര്‍ഒയും കോസ്റ്റൽ എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡന്റുമായ ഫാ. സേവ്യര്‍ കുടിയാംശേരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അമ്പലപ്പുഴ മുതല്‍ ചെല്ലാനം വരെയുള്ള തീരപ്രദേശം അതിതീവ്രമായ കടല്‍ക്ഷോഭത്തെ നേരിടുകയാണ്. ചെല്ലാനത്തെ തീരദേശ റോഡ് മുഴുവന്‍ കടല്‍ജലം കയറി മുങ്ങിയതിനാല്‍ യാത്രപോലും മുടങ്ങിയിരിക്കുന്നു. കടല്‍ഭിത്തിയില്ലാത്ത ഒറ്റമശേരി, പുന്നപ്ര, പറവൂര്‍, നര്‍ബോന തുടങ്ങിയ പ്രദേശങ്ങള്‍ എത്രയും വേഗം കടല്‍ഭിത്തി കെട്ടി സംരക്ഷിക്കണം. തീരത്തുള്ള അനേകം വീടുകള്‍ തകര്‍ന്നുവീഴാറായിരിക്കുന്നു. അപകടങ്ങളില്‍പ്പെട്ട കപ്പലുകളില്‍നിന്നുള്ള കണ്ടെയ്നറുകള്‍ തീരത്തടിയുന്നത് തീരത്ത് വലിയ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. ഇതിനെല്ലാം പരിഹാരം കണ്ടെത്താൻ സർക്കാർ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
കാറ്റും കോളും വരുമ്പോള്‍ മീന്‍പിടിക്കാന്‍ പോകരുതെന്നു പറയുന്ന ദിവസങ്ങള്‍ ഏറെയാകുന്ന സാഹചര്യത്തില്‍ എങ്ങനെ ജീവിക്കും എന്നതു ഗൗരവമുള്ള വിഷയമാണ്. അത്തരം ദിവസങ്ങളില്‍ നഷ്ടപരിഹാരം നല്കാന് മനുഷ്യാവകാശ കമ്മീഷന്റെ വിധിയുള്ളതാണെങ്കിലും കൃത്യമായി നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റോയി പി. തിയോച്ചന്‍, ഗര്‍ഷോം രാഹുല്‍, റാഫേല്‍ കൊമ്മാടി എന്നിവര്‍ പ്രസംഗിച്ചു.