നഷ്ടപരിഹാരം നല്‍കണം: കെ.സി. വേണുഗോപാല്‍ എംപി
1569773
Monday, June 23, 2025 11:35 PM IST
ആലപ്പുഴ: കപ്പലപകടങ്ങളെത്തുടര്ന്ന് കടലില്‍ പതിച്ച കണ്ടയ്നറുകളില്‍ തട്ടി വലകള്‍ക്കും ബോട്ടുകള്‍ക്കും നാശനഷ്ടം സംഭവിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. കൂടാതെ കപ്പല്‍ കമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ കേടുപാടുകള്‍ സംഭവിച്ച മത്സ്യബന്ധന യാനങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെട്ട തീരദേശ പോലീസ് സ്റ്റേഷനുകളില്‍ തന്നെ കപ്പലപകടങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുകയും കേസെടുക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.സി. വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്ക് കത്തു നല്കി. കപ്പലപകടങ്ങളെത്തുടര്ന്ന് കടലിന്റെ ആവാസ വ്യവസ്ഥയ്ക്കുണ്ടാകാവുന്ന പരിസ്ഥിതി സംബന്ധമായ നഷ്ടവും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലിനു പോകാന്‍ പറ്റാത്ത നഷ്ടവും കണക്കാക്കി നഷ്ടപരിഹാരം കപ്പല്‍ കമ്പനിയില്‍നിന്ന് വാങ്ങിയെടുക്കുന്നതിന് മത്സ്യബന്ധന യാനങ്ങളുടെ ഉടമകള്‍ ഇതുസംബന്ധിച്ച പരാതി തീരദേശ പോലീസ് സ്റ്റേഷനില്‍ നല്‍കേണ്ടതുണ്ട്.
തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് 14.6 നോട്ടിക്കൽ മൈല്‍ ദൂരെ അപകടത്തില്‍പ്പെട്ട എംഎസ്സി എല്‍സ3 എന്ന ചരക്ക് കപ്പലില്‍നിന്ന് 700 ഓളം കണ്ടയ്നറുകളും ബേപ്പൂര്‍ തുറമുഖത്തിന് പടിഞ്ഞാറ് ഭാഗത്തായി 106 നോട്ടിക്കല്‍ മൈലില്‍ സിങ്കപ്പൂര്‍ വാന്‍ ഹായി- 503 എന്ന കപ്പലില്‍നിന്ന് 600 ഓളം കണ്ടയ്നറുകളും കടലിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിട്ടുണ്ട്.
ഈ കണ്ടെയ്നറുകളില്‍ ഭൂരിഭാഗവും എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗത്തെ കടലിന്റെ വിവിധ ഭാഗങ്ങളില്‍ അടിത്തട്ടില്‍ കിടക്കുകയാണ്. കണ്ടെയ്നറുകള്‍ കിടക്കുന്നതു കാരണം കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പെട്ട ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും മത്സ്യബന്ധനം നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.