തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരിക്കേറ്റു
1570467
Thursday, June 26, 2025 8:01 AM IST
ഹരിപ്പാട്: തെരുവുനായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു പരിക്കേറ്റു. മുതുകുളം തെക്ക് സ്വദേശിനി ജോസി (52) ആണ് നായയുടെ കടിയേറ്റത്. കഴിഞ്ഞദിവസം രാത്രി 10.30ന് രോഗിയായ അച്ഛനെ സന്ദർശിച്ചശേഷം മടങ്ങിയെത്തിയ ഇവർ ഓട്ടോയിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ ഓടിയെത്തിയ നായ ആക്രമിക്കുകയായിരുന്നു.
വലതു കൈപ്പത്തിയുടെ പുറംഭാഗത്ത് ആഴത്തിൽ മുറിവേറ്റ ജോസി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. രാത്രി പത്തോടെ ജോസിയുടെ വീടിന് അല്പം കിഴക്കായുള്ള മറ്റൊരു സ്ത്രീക്കു നേരേയും നായ പാഞ്ഞടുത്തിരുന്നു. ഇവർ വീടിനുള്ളിലേക്ക് കയറിയതിനാലാണ് കടിയേൽക്കാതെ രക്ഷപ്പെട്ടത്. അക്രമകാരിയായ നായക്ക് പേവിഷ ബാധയേറ്റിട്ടുണ്ടോയെന്ന് സംശയമുണ്ട്.