പോലീസുകാരന്‍റെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത സംഘം കസ്റ്റഡിയിൽ
Saturday, August 17, 2019 10:24 PM IST
ചേർത്തല: പോലീസുകാരന്‍റെ കണ്ണിൽ കുരുമുളക് സ്പ്രേ ചെയ്ത് ജീപ്പിൽ കടന്നു കളഞ്ഞ ക്വട്ടേഷൻ സംഘത്തെ പോലീസ് സിനിമാ സ്റ്റൈലിൽ പിടികൂടി. തിരുവല്ല ശങ്കര മംഗലത്ത് രാഹുൽ (24), പത്തനംതിട്ട നിരണം മഠത്തിൽ വീട്ടിൽ സാജൻ (31) എന്നിവരാണ് പിടിയിലായത്. നാലംഗ സംഘത്തിൽനിന്ന് രണ്ടുപേർ ഓടിരക്ഷപ്പെട്ടു.

കഴിഞ്ഞദിവസം വൈകുന്നേരം 7.30 ഓടെ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ബൈക്കിൽ മഫ്തിയിൽ സഞ്ചരിക്കുകയായിരുന്ന എആർ ക്യാന്പിലെ ശരത് എന്ന പോലീസുകാരനെയാണ് നാലംഗ സംഘം ആക്രമിച്ചത്. ബൈക്കിന് മുന്നിൽ ജീപ്പ് വട്ടം നിർത്തിയതിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. ശരതും ജീപ്പിലുള്ളവരും തമ്മിൽ രൂക്ഷമായി വാക്കുതർക്കം ഉണ്ടായി.

ഇതിനിടെ ജീപ്പിലുണ്ടായിരുന്ന ഒരാൾ ശരത്തിന്‍റെ മുഖത്തേക്ക് കുരുമുളക് സ്പ്രേ അടിച്ച് രക്ഷപ്പെടുകയാ യിരുന്നു. ജീപ്പിൽ കടന്നു കളഞ്ഞ സംഘത്തെക്കുറിച്ച് ചേർത്തല, മുഹമ്മ, അർത്തുങ്കൽ, മാരാരിക്കുളം, മണ്ണഞ്ചേരി പോലീസ് സ്റ്റേഷനുകളിൽ നിമിഷനേരം കൊണ്ട് സന്ദേശം എത്തി.

മുഹമ്മയിലെത്തിയ ഇവരെ മുഹമ്മ പോലീസ് ഇവരെ പിന്തുടർന്നു. ഇതിനിടയിൽ മുഹമ്മ പോലീസ് സംഘത്തെക്കുറിച്ച് മണ്ണഞ്ചേരി പോലീസിനെ അറിയി ക്കുകയും മണ്ണഞ്ചേരി അന്പനാകുളങ്ങര ഭാഗത്ത് വച്ച് പോലീസിനെ കണ്ട സംഘം ഒരു വീട്ടുവളപ്പിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. രണ്ടു പേരെയും ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. രാത്രി തന്നെ ഇവരെ ചേർത്തല പോലീസിന് കൈമാറി. നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.