വൈക്കം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് മെഗാ കുടുംബസദസ് നടത്തി. എൽഡിഎഫിന്റെ നേതൃത്വത്തിൽ പടിഞ്ഞാറേക്കരയിൽ സംഘടിപ്പിച്ച കുടുംബസദസ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു.
കെ.ജി. രാജു അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ ടി.ടി. സെബാസ്റ്റ്യൻ, കെ. ദീപേഷ്, ആർ. ബിജു, പി. അമ്മിണിക്കുട്ടൻ, എം.ടി. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ഉദയനാപുരം പഞ്ചായത്തംഗങ്ങളായ രേവതി മനീഷ്, ദീപമോൾ എന്നിവർ പ്രസംഗിച്ചു.
കടുത്തുരുത്തി മണ്ഡലത്തിൽ നാളെ ചാഴികാടന്റെ റോഡ് ഷോ
കുറവിലങ്ങാട്: കോട്ടയം ലോക്സഭാ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ റോഡ് ഷോ നാളെ കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടത്തും. രാവിലെ ഒന്പതിന് കിടങ്ങൂരിൽനിന്ന് റോഡ് ഷോ ആരംഭിക്കും. തുടർന്ന് കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ വഴി പുതുവേലിയിലെത്തി എംസി റോഡിൽ പ്രവേശിക്കും.
എംസി റോഡിലൂടെ മോനിപ്പള്ളി, കുര്യനാട്, കുറവിലങ്ങാട്, വെമ്പള്ളി, രത്നഗിരി വഴി വൈക്കം റോഡിലെത്തും. തുടർന്ന് കാണക്കാരി, മാഞ്ഞൂർ, കുറുപ്പന്തറ, മുട്ടുചിറ വഴി നിയോജകമണ്ഡലം ആസ്ഥാനമായ കടുത്തരുത്തിയിലെത്തും.
കടുത്തുരുത്തി നിയോജകമണ്ഡലത്തിൽനിന്ന് ആപ്പാഞ്ചിറ വഴി തലയോലപ്പറമ്പിലെത്തി വൈക്കം മണ്ഡലത്തിൽ റോഡ് ഷോ തുടരും.
1,000 ഇരുചക്രവാഹനങ്ങൾ റോഡ് ഷോയിൽ ഉൾപ്പെടുത്താനാണ് മുന്നണി നിയോജകമണ്ഡലം നേതൃത്വത്തിന്റെ തീരുമാനം. ഇതിനൊപ്പം കാർ, ജീപ്പ് തുടങ്ങിയവയും റോഡ് ഷോയുടെ ഭാഗമാകും.