പ്രവർത്തനം നിലച്ച ശുചിമുറിസമുച്ചയം നശിക്കുന്നു
1567973
Tuesday, June 17, 2025 3:17 AM IST
വൈക്കം: വൈക്കം ദളവാക്കുളം ബസ് ടെർമിനലിന്റെ സമീപത്തെ പ്രവർത്തനം നിലച്ച കംഫർട്ട് സ്റ്റേഷൻ കെട്ടിടം നാശത്തിന്റെ വക്കിൽ. ദളവാക്കുളം ബസ് ടെർമിനലിനു കിഴക്കുഭാഗത്ത് കോട്ടയം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച കംഫർട്ട് സ്റ്റേഷൻ കെട്ടിടമാണ് ഏതാനും വർഷങ്ങളായി പ്രവർത്തനം നിലച്ചതോടെ കിടന്ന് നശിക്കുന്നത്.
മഹാദേവ ക്ഷേത്രത്തിലെത്തുന്നവർക്കും നഗരത്തിലെത്തുന്നവർക്കും പ്രാഥമികാവശ്യം നിർവഹിക്കാൻ കംഫർട്ട് സ്റ്റേഷൻ വേണമെന്ന നിരന്തരാവശ്യത്തെത്തുടർന്നാണ് വിനോദസഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ശുചിമുറി സമുച്ചയം നിർമിച്ചത്. ദളവാക്കുളം ബസ് ടെർമിനലിനുള്ളിൽ ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കംഫർട്ട് സ്റ്റേഷൻ പണിത് പ്രവർത്തനം ആരംഭിച്ചു.
ദളവാക്കുളം ബസ് ടെർമിനലിനു കിഴക്കുഭാഗത്ത് നഗരസഭയുടെ സ്ഥലത്ത് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ലക്ഷങ്ങൾ വിനിയോഗിച്ചു പണിത കംഫർട്ട് സ്റ്റേഷന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.