റബർ ബോർഡ് ജിയോ മാപ്പിംഗ് തുടങ്ങി
1568127
Tuesday, June 17, 2025 10:33 PM IST
കാഞ്ഞിരപ്പള്ളി: ഇയുഡിആർ ചട്ടങ്ങൾ പാലിച്ച് ഇന്ത്യയിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള റബറിന്റെയും റബറുൽപന്നങ്ങളുടെയും കയറ്റുമതി ഉറപ്പാക്കുന്നതിനായി റബർബോർഡിന്റെ ആഭിമുഖ്യത്തിൽ റബർതോട്ടങ്ങളിൽ ജിയോ മാപ്പിംഗ് ആരംഭിച്ചു. ജിയോ മാപ്പിംഗിനായി ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രയമ്പു ടെക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ് റബർബോർഡ് നിയോഗിച്ചിട്ടുള്ളത്. ഭൂമിയുടെ ഉടമസ്ഥാവകാശം, വിസ്തൃതി, റബർതോട്ടങ്ങളുടെ അതിരുകൾ തുടങ്ങിയ വിശദാംശങ്ങൾ ശേഖരിച്ചുകൊണ്ടാണ് മാപ്പിംഗ് നടത്തുന്നത്.
ഇതുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങൾ റബർബോർഡിന്റെ കേന്ദ്രീകൃത ഡാറ്റാ ബേസിൽ സൂക്ഷിക്കുന്നതും വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കുകയും ചെയ്യുന്നതാണ്. ഇയുഡിആറുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കാനായി തോട്ടമുടമകൾക്കും റബർഡീലർമാർക്കും സംസ്കർത്താക്കൾക്കും വ്യവസായികൾക്കുമായി അവബോധനപരിപാടികൾ റബർബോർഡ് സംഘടിപ്പിച്ചുവരുന്നു. റബർബോർഡിന്റെ ഈ ഉദ്യമത്തോട് കർഷകർ സഹകരിക്കണമെന്ന് അസിസ്റ്റന്റ ഡയറക്ടർ അറിയിച്ചു.