കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞളുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്
1568132
Wednesday, June 18, 2025 12:03 AM IST
വാഴൂർ: കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി നിർവഹിച്ചു. വൈസ്പ്രസിഡന്റ് ഗീത എസ്. പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, ബി. രവീന്ദ്രൻ നായർ, ശ്രീകലാ ഹരി, ലതാ ഉണ്ണികൃഷ്ണൻ, കങ്ങഴ പഞ്ചായത്തംഗം മാത്യു ആനിത്തോട്ടം, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സിമി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.
മുഖസൗന്ദര്യം വർധിപ്പിക്കുന്നതിനും ഔഷധങ്ങളിലും മറ്റും ഉപയോഗിക്കുന്നതുമായ കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ കൃഷി വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതിയാണ് കസ്തൂരിമഞ്ഞൾ കൃഷി. ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതിനാൽ ശരീരത്തിലുള്ള ഹാനികരമായ തന്മാത്രകളെ നിർജീവമാക്കുന്നതിനും ശരീരത്തെ സംരക്ഷിക്കുന്നതിനും ഇതിനു കഴിയും. പാരമ്പര്യ വൈദ്യത്തിൽ കസ്തൂരി മഞ്ഞൾ വേദന സംഹാരിയായും ഉപയോഗിക്കുന്നു.
കസ്തൂരി മഞ്ഞൾ നട്ട് ആറുമാസം കഴിഞ്ഞാൽ വിളവെടുപ്പ് നടത്താം. നാല് ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്. കൃഷി ചെയ്യാനുള്ള സബ്സിഡിയും സംസ്കരണത്തിനും മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സഹായവും കൃഷി വകുപ്പ് ചെയ്തു നൽകും.