ഭരണങ്ങാനം, പൈക സെക്ഷനുകളിൽ തുടര്‍ച്ചയായി വൈദ്യുതി തടസം
1568136
Wednesday, June 18, 2025 12:03 AM IST
പാലാ: കെഎസ്ഇബി പാലാ ഡിവിഷനു കീഴിലെ ഭരണങ്ങാനം, പൈക സെക്ഷനുകളുടെ കീഴിലുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ വൈദ്യുതി തടസത്തില്‍ പ്രതിഷേധം ഉയരുന്നു. മീനച്ചില്‍ താലൂക്കിലെ കിഴക്കന്‍ മലയോര മേഖലകളില്‍ പോലും അനുഭവപ്പെടാത്ത വൈദ്യുതി തടസമാണ് മീനച്ചില്‍ പഞ്ചായത്തു പരിധിയില്‍ ഉണ്ടാവുന്നതെന്ന് ഉപയോക്താക്കള്‍ പറയുന്നു. 11 കെവി ലൈനുകളിലെ ടച്ചിംഗ് വെട്ടുന്നതിലെ അപാകതകള്‍ മൂലം നിരന്തരമായി വൈദ്യുതി മുടങ്ങുകയാണ്.
ഭരണങ്ങാനം സെക്ഷന്‍ ഓഫീസ് നിലനിര്‍ത്തുന്നതിനായി പൈക സെക്ഷന്‍ പരിധിയില്‍ ഉണ്ടായിരുന്ന ഉപഭോക്താക്കളെ ഭരണങ്ങാനം സെക്ഷനിലേക്കു മാറ്റിയതു മുതല്‍ മീനച്ചില്‍ പഞ്ചായത് പരിധിയിലെ ഭരണങ്ങാനം പൈക, സെക്ഷന്‍ പരിധികളില്‍ വൈദ്യുതി മുടക്കം കൂടിയതായി നാട്ടുകാര്‍ പറഞ്ഞു.
പൈക സെക്ഷന്‍ പരിധിയിലെ ഉപഭോക്താക്കളെ ഭരണങ്ങാനം സെക്ഷനിലേക്കു മാറ്റിയപ്പോള്‍ 11 കെവി വിതരണ സംവിധാനത്തില്‍ മാറ്റം വരുത്താത്തതാണ് ഇതിനു കാരണമെന്നാണ് കരുതുന്നത്. വൈദ്യുതി വിതരണ സംവിധാനത്തിലെ അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്നും പൈക 33 കെവി സബ്സ്റ്റേഷന് അപ്ഗ്രേഡ് ചെയ്യുന്നതിനു സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ടും യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ ജോസ് കെ. മാണി എംപിക്കു നിവേദനം നല്‍കിയിട്ടുണ്ട്.
11 കെവി ടച്ചിംഗ് വെട്ടുന്നതു പ്രഹസനമാക്കി മനഃപൂര്‍വം വൈദ്യുത തടസം ഉണ്ടാക്കി ഭരണങ്ങാനം പൈക സെക്ഷനുകള്‍ പ്രശ്ന ബാധിത സെക്ഷനുകളായി ചിത്രീകരിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ പരിശോധിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.