മാണിക്കത്തനാരുടെ സേവനങ്ങൾ സ്മരിക്കപ്പെടണം: ആർച്ച്പ്രീസ്റ്റ്
1568969
Friday, June 20, 2025 11:41 PM IST
കുറവിലങ്ങാട്: ബഹുമുഖപ്രതിഭയായ നിധീരിക്കൽ മാണിക്കത്തനാരുടെ ഓർമകൾ പുതുക്കി മാതൃഗ്രാമം. അനുസ്മരണ ശുശ്രൂഷകളിൽ നൂറുകണക്കായ ഇടവകാംഗങ്ങൾ പങ്കെടുത്തു. ജന്മവും കർമവും വഴി കുറവിലങ്ങാടിന്റെ സ്വന്തമായിരുന്ന മാണിക്കത്തനാരുടെ ഓർമകൾ പുതുക്കി ഇടവകയിലെ വിവിധ സ്ഥാപനങ്ങളിലും സമ്മേളനങ്ങൾ നടത്തി.
മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ദേവാലയത്തിൽ നടന്ന അനുസ്മരണ ശുശ്രൂഷകളിൽ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി കാർമികത്വം വഹിച്ചു. നിധീരിക്കൽ മാണിക്കത്തനാരുടെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടണമെന്ന് ആർച്ച്പ്രീസ്റ്റ് ഓർമിപ്പിച്ചു.
സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഫാ. തോമസ് താന്നിമലയിൽ, പാസ്റ്ററൽ അസിസ്റ്റന്റുമാരായ ഫാ. ജോസ് കോട്ടയിൽ, ഫാ. പോൾ മഠത്തിക്കുന്നേൽ എന്നിവർ സഹകാർമികരായി.
നിധീരിക്കൽ മാണിക്കത്തനാർ സ്ഥാപിച്ച് ഒന്നേകാൽ നൂറ്റാണ്ട് പിന്നിട്ട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേക അനുസ്മരണം നടത്തി. അസി. മാനേജർ ഫാ. പോൾ കുന്നുംപുറത്ത്, ഹെഡ്മാസ്റ്റർ കെ.എം. തങ്കച്ചൻ, ബോബിച്ചൻ നിധീരി തുടങ്ങിയവർ പ്രസംഗിച്ചു.