പഴയിടം കോസ്വേയിലെ മാലിന്യം ആറ്റിലൂടെ ഒഴുക്കിവിട്ടു
1570436
Thursday, June 26, 2025 7:33 AM IST
പഴയിടം: മണിമലയാറ്റിലെ പഴയിടം കോസ്വേയിൽ ഒഴുകിയെത്തി അടിഞ്ഞ മാലിന്യം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണിമലയാറ്റിലൂടെ ഒഴുക്കിവിട്ടു. ഉയരം കുറഞ്ഞ പാലമായതിനാൽ തൂണുകളിൽ മരക്കഷണങ്ങളും ചപ്പുചവറുകളും തങ്ങിനിന്നിരുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്തുവകുപ്പ് അധികാരികൾ നിയോഗിച്ചവരാണ് മാലിന്യം നീക്കിയത്.
എല്ലാ മഴക്കാലത്തും അടിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ടൺകണക്കിന് മാലിന്യം ഇതേപോലെ നീക്കുകയാണ് പതിവ്. മാലിന്യം കരയ്ക്കെടുത്ത് സംസ്കരിക്കാൻ സംവിധാനമില്ലാത്തതിനാൽ കരാറെടുക്കുന്നവർ അവയത്രയും മണിമലയാറ്റിലൂടെ തന്നെ ഒഴുക്കിവിടുകയാണ്.
കടകളിലും വീടുകളിലും നിന്ന് ആറ്റുപുറമ്പോക്കിൽ ഉപേക്ഷിക്കുന്ന പാഴ്വസ്തുക്കളും കാറ്റിൽ ഒടിഞ്ഞുവീഴുന്ന മരച്ചില്ലകളും മരങ്ങളും ഒഴുകിയെത്തി പാലത്തിൽ ഇടിച്ചുനിന്ന് ബലക്ഷയമുണ്ടാകാതിരിക്കാനാണ് ഇവ നീക്കിയത്. മരങ്ങളും ചില്ലകളും തങ്ങിനിന്ന് വെള്ളമൊഴുക്ക് പാലത്തിന് മുകളിലൂടെയായി കൈവരി പലവട്ടം തകർന്നിട്ടുണ്ട്.
മാലിന്യം ആറ്റിലൂടെ ഒഴുക്കിവിടാതെ സംസ്കരിക്കാൻ നടപടിയുണ്ടാവണമെന്ന് കാലങ്ങളായി ആവശ്യമുയർന്നെങ്കിലും ഇതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.