അഡ്വ. ജിസ്മോളുടെയും മക്കളുടെയും മരണം: ആക്ഷൻ കൗൺസിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1570443
Thursday, June 26, 2025 7:33 AM IST
ഏറ്റുമാനൂര്‍: അഡ്വ. ജിസ്മോള്‍ തോമസ് മക്കൾക്കൊപ്പം ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
നിലവിലുള്ള കേസ് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളെ എല്ലാവരെയും ചോദ്യം ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സിലും ജിസ്മോളുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. പല കാര്യങ്ങളോടും പോലീസ് നിസംഗത പുലര്‍ത്തുകയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രതിയുടെ വീട്ടിലുണ്ടായിരുന്ന സിസി ടിവി പോലീസ് പരിശോധിച്ചിട്ടില്ല. ഒന്നാം പ്രതി വഴക്ക് പറഞ്ഞതിന്റെ പേരിലാണ് മരണം നടന്നത് എന്ന പോലീസിന്റെ കണ്ടെത്തലും ജിസ്മോളെ മാനസികരോഗിയാക്കാനുള്ള പ്രതികളുടെ വ്യഗ്രതയും അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢനീക്കമായാണ് ആക്ഷന്‍ കൗണ്‍സില്‍ കാണുന്നത്.
സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് എന്‍.കെ. ശശികുമാര്‍ പറഞ്ഞു. ആക്ഷൻ കൗൺസിൽ ചെയർമാൻ എൻ.കെ. ശശികുമാർ, കൺവീനർ ശാന്തി പ്രഭാത, അംഗങ്ങളായ ആര്യ സബിൻ, പ്രിൻസ് നീറിക്കാട്, അശോക് എ.ആർ, ജിസ്മോളുടെ പിതാവ് പി.കെ. തോമസ്, രാജു ആലപ്പാട്ട് ഉൾപ്പെടെയുള്ളവർ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തു.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഗൗരവകരമായ അന്വേഷണമാണ് നടത്തിയതെന്ന് ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു. പ്രതികളില്‍ പലര്‍ക്കും ജാമ്യം ലഭിച്ചു. വിദേശത്തേക്ക് പോയ കുറ്റാരോപിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.