കടപുഴ പാലം പുനര്‍നിര്‍മാണം: റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും-ഫ്രാന്‍സിസ് ജോര്‍ജ്
1570554
Thursday, June 26, 2025 10:08 PM IST
പാലാ: മൂന്നിലവ് കടപുഴ പാലം പുനര്‍നിര്‍മ്മിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ഗവണ്മെന്റിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി.കാപ്പന് എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പിഎംജിഎസ്വൈ പദ്ധതി ആവിഷ്കരണ വിഭാഗത്തിലെയും ദേശീയപാതാ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ചത്. 2021 ലെ അതിതീവ്രമഴയെ തുടര്‍ന്നാണ് പാലം തകര്‍ന്നത്. കേന്ദ അഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, കേന്ദ്ര ഗോത്രകാര്യ വകുപ്പ് മന്ത്രി ജൂവല്‍ ഓറം എന്നിവര്‍ക്ക് ഫ്രാന്‍സിസ് ജോര്‍ജ് എംപി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദര്‍ശനം നടത്തിയത്.
കോട്ടയം ലോക്സഭാ മണ്ഡലത്തിലെ ഏക പട്ടികജാതി -പട്ടികവര്‍ഗ പഞ്ചായത്തായ മൂന്നിലവിലെ കടപുഴ പാലം അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ലോക്സഭയിലെ ശൂന്യവേളയില്‍ ഉന്നയിച്ചപ്പോള്‍ ഈ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടുമെന്നും കേന്ദ ഫണ്ട് ഉപയോഗിച്ച് പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
പാലം തകര്‍ന്നതോടെ മലഞ്ചെരുവുകള്‍ നിറഞ്ഞ പഞ്ചായത്തിലെ ഭൂരിപക്ഷം ജനങ്ങളുടെയും സഞ്ചാരം ദുഷ്കരമായിരിക്കുകയാണ്. ആശുപത്രികള്‍, സ്കൂള്‍, കോളജ് എന്നിവിടങ്ങളിലേക്ക് ജനങ്ങള്‍ക്ക് പോകാന്‍ 20 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ട അവസ്ഥക്ക് പരിഹാരം കാണാന്‍ ശ്രമിച്ചുവരുകയാണന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് പാലം പുതുക്കിപ്പണിയാന്‍ നാലു കോടിയും അപ്രാച്ച് റോഡ് നിര്‍മ്മാണത്തിന് എട്ടു കോടി രൂപയുമാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപിയും മാണി സി. കാപ്പന് എംഎല്‍എ യും പറഞ്ഞു.
പിഎംജിഎസ്വൈ എക്സിക്യൂട്ടീവ് എൻജിനിയര്‍ ബിന്ദു വേലായുധന്, എഇ ജിറ്റ് ജോസഫ്, ദേശീയപാതാ വിഭാഗം അസി. എൻജനിയര്‍ കെ.എം. അരവിന്ദ്, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ചാര്‍ലി ഐസക്ക്, ഷാന്റിമോള്‍ സാം, ജോഷി ജോഷ്വാ, ജയിംസ് മാത്യു തെക്കേല്‍, എം.പി.കൃഷ്ണന് നായര്‍, ജോര്‍ജ് പുളിങ്കാട്, തങ്കച്ചന് മുളങ്കുന്നം, ഷൈന്‍ പാറയില്‍, റെജി മിറ്റത്താനി, ജോബി നമ്പുടാകം, എ.എസ്.സൈമണ്‍, ഡിജു സെബാസ്റ്റ്യന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.