വീടിനു മുകളിൽ മരം വീണു
1570788
Friday, June 27, 2025 7:04 AM IST
കൈപ്പുഴ: കാറ്റിനും മഴയ്ക്കും ശമനമില്ലാതായതോടെ കൈപ്പുഴയിൽ വീടിനു മുകളിൽ മരം വീണ് അപകടം ഉണ്ടാകുന്നത് തുടരുകയാണ്. ഇന്നലെ രാവിലെ കൈപ്പുഴ കാവിൽറോഡിൽ തടത്തിൽ റെജിയുടെ ഇരുനില വീടിന് മുകളിൽ സമീപത്തെ റബർ തോട്ടത്തിൽനിന്ന കൂറ്റൻ റബർ മരം വീണു.
മരം വൈദ്യുതിലൈൻ തട്ടി നിന്നതിനാൽ വീടിനു കൂടുതൽ കേടുപാട് സംഭവിച്ചില്ല. കഴിഞ്ഞ ആഴ്ച ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഈ റബർ തോട്ടത്തിലെ റബർ മരങ്ങൾ ഭൂരിഭാഗവും ഒടിഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം തേക്കുമരം വീണ് സമീപവാസിയുടെ വീടിന്റെ മുകൾഭാഗം പൊട്ടിത്തകർന്നു. കൈപ്പുഴ പുളിയൻപറമ്പിൽ ജോമോന്റെ വീടിനു മുകളിലേക്കാണ് സമീപത്തെ പറമ്പിൽ നിന്ന കൂറ്റൻ തേക്കുമരം മറിഞ്ഞു വീണത്. സംഭവത്തത്തുടർന്ന് വീടിന്റെ ഷീറ്റ് പൊട്ടിത്തകർന്നു. ജനലുകളും തകർന്നു. വീട്ടുകാർക്ക് അപകടമൊന്നും സംഭവിച്ചില്ല.