തൊ​ട്ട​ടു​ത്ത് ഒ​രേ പേ​രി​ൽ ര​ണ്ട് വാ​ർ​ഡ്: മു​ക്കൂ​ട്ടു​ത​റ ക​ൺ​ഫ്യൂ​ഷ​നി​ൽ
Friday, November 27, 2020 9:44 PM IST
മു​ക്കൂ​ട്ടു​ത​റ: ഇ​ത്ത​വ​ണ മു​ന്ന​ണി ഇ​ല്ല, ന​മ്മു​ടെ വാ​ർ​ഡി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ക​യാ​ണ്, വോ​ട്ട് ത​ര​ണം... ഇ​ത്ര​യും പ​റ​ഞ്ഞ് തീ​രും മു​മ്പേ സ്ഥാ​നാ​ർ​ത്ഥി​യോ​ട് വോ​ട്ട​ർ ചോ​ദി​ച്ചു.. പ​ഞ്ചാ​യ​ത്ത്‌ എ​രു​മേ​ലി​യോ വെ​ച്ചൂ​ച്ചി​റ​യോ?. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം തു​ട​ങ്ങി​യ​തോ​ടെ ഈ ​ചോ​ദ്യം മു​ക്കൂ​ട്ടു​ത​റ​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും വോ​ട്ട​ർ​മാ​രും ത​മ്മി​ൽ ദി​വ​സ​വും ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ക​ലു​ങ്കി​ന് അ​പ്പു​റം കോ​ട്ട​യം ജി​ല്ല​യി​ലെ മു​ക്കൂ​ട്ടു​ത​റ വാ​ർ​ഡ്. തൊ​ട്ടി​പ്പു​റ​ത്ത് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ മു​ക്കൂ​ട്ടു​ത​റ വാ​ർ​ഡ്. ഒ​രേ പേ​രി​ൽ ര​ണ്ട് ജി​ല്ല​ക​ളി​ൽ കി​ട​ക്കു​ന്ന ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് എ​ത്തു​മ്പോ​ഴാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം.
വോ​ട്ട് ചോ​ദി​ച്ച് ചെ​ല്ലു​മ്പോ​ൾ ജി​ല്ല മാ​റി​യോ​ന്നാ​ണ് ക​ൺ​ഫ്യൂ​ഷ​ൻ. പൊ​യ്ക തോ​ടും ക​ലു​ങ്കും ഒ​ക്കെ​യാ​ണ് അ​തി​ര്. തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ പ​ല​തി​നും ജി​ല്ല വെ​വ്വേ​റെ. എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 16 ആ​ണ് മു​ക്കൂ​ട്ടു​ത​റ. ടൗ​ണി​ൽ ത​ന്നെ ഒ​രു ക​ലു​ങ്കി​നും തോ​ടി​നും അ​പ്പു​റ​ത്ത് വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ ആ​റാ​മ​ത്തെ വാ​ർ​ഡ് ആ​ണ്. ഈ ​വാ​ർ​ഡി​ന്‍റെ പേ​രും മു​ക്കൂ​ട്ടു​ത​റ.
വോ​ട്ട​ർ​മാ​രി​ൽ ക​ൺ​ഫ്യൂ​ഷ​ൻ ഒ​ഴി​വാ​കാ​ൻ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളി​ൽ ജി​ല്ല​യും പ​ഞ്ചാ​യ​ത്തു​മൊ​ക്കെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും പ​ല​രി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മാ​ണ് ഇ​രു വാ​ർ​ഡു​ക​ളു​ടെ​യും അ​തി​ർ​ത്തി​ക​ൾ. അ​ബ​ദ്ധ​ത്തി​ൽ മ​റ്റേ മു​ക്കൂ​ട്ടു​ത​റ വാ​ർ​ഡി​ലെ വീ​ട്ടി​ലാ​ണ് ക​യ​റി​യ​തെ​ന്ന് അ​റി​യു​മ്പോ​ൾ സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും ആ ​വാ​ർ​ഡി​ലെ ത​ങ്ങ​ളു​ടെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് തേ​ടി സ്വ​ന്തം വാ​ർ​ഡി​ന്‍റെ അ​തി​ര് ത​പ്പും.