തൊടുപുഴ: പഴയ തൊടുപുഴയല്ല ഇന്നുള്ളത്. ഗ്രാമീണ ഭംഗിയിൽ നിന്നു നഗരസൗന്ദര്യവത്ക്കരണത്തിലേക്ക് ഇവിടം മാറിക്കഴിഞ്ഞു. വികസനത്തിന്റെ പുതിയ ചവിട്ടുപടികളിലൂടെ നടന്നുകയറുകയാണ് ഈ നഗരം.
അരനൂറ്റാണ്ടിനു മുന്പ് കാർഷികവൃത്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ഗ്രാമമായിരുന്നു തൊടുപുഴ. ശാന്തമായി ഒഴുകുന്ന തൊടുപുഴയാറും അതിന്റെ ഓരം ചേർന്നു നിൽക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും പച്ചപുതച്ച നെൽപ്പാടങ്ങളും ചുരുക്കം ചില വ്യാപാര സ്ഥാപനങ്ങളുമൊക്കെയായിരുന്നു അന്നുണ്ടായിരുന്നത്.
ജില്ലയിൽ തൊടുപുഴ ന്യുമാൻ കോളജാണ് വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റത്തിനു തുടക്കം കുറിച്ചത്. പിന്നീട് അറിവിന്റെ നിറകുടങ്ങളായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നുവന്നു.
ഇന്നത്തെ തിരക്കേറിയ അന്പലം ബൈപാസും കോതായിക്കുന്ന് ബൈപാസുമെല്ലാം പതിറ്റാണ്ടുകൾക്ക് മുന്പ് നെൽപ്പാടങ്ങളായിരുന്നു. തൊടുപുഴ പാലത്തോടു ചേർന്നുണ്ടായിരുന്ന ചേരികളും കടവിൽ കുളിക്കുന്നവർക്ക് എണ്ണയും സോപ്പും വിൽക്കാൻ കാത്തു നിന്നിരുന്നവരും കാളവണ്ടിക്കാരും കൊപ്രയാട്ടുന്ന മില്ലും പഴയ തലമുറയുടെ ഓർമകൾ മാത്രം.
തൊടുപുഴയാറിനോടു ചേർന്നുണ്ടായിരുന്ന പഴയ ബസ് സ്റ്റാൻഡും കോതായിക്കുന്ന് ബസ് സ്റ്റാൻഡിനു വഴിമാറിയതോടെ പഴയ പാദമുദ്രകൾ അപ്രത്യക്ഷമായി.
പുതിയ റോഡുകൾ, ബൈപാസുകൾ, പാലങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മിനി സിവിൽ സ്റ്റേഷൻ, ബഹുനില മന്ദിരങ്ങൾ, കലാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിങ്ങനെ ആധുനികതയുടെ അടയാളങ്ങളാണ് ഇന്നു തൊടുപുഴയിൽ ദർശിക്കാനാവുക.
ആത്മീയ സൗന്ദര്യത്തിന്റെ പ്രഭ പരത്തി പ്രശോഭിക്കുന്ന തൊടുപുഴ ടൗണ്പള്ളിയും കാരിക്കോട് നൈനാരുപള്ളിയും ശ്രീകൃഷ്ണ സ്വാമിക്ഷേത്രവും മതസൗഹാർദത്തിന്റെ മകുടോദാഹരണമായി നിലകൊള്ളുന്നു.
നിരവധി ബൈപാസുകളുടെ സംഗമഭൂമിയാണ് ഈ നഗരം. കോതായിക്കുന്ന്, അന്പലം, കാഞ്ഞിരമറ്റം, കോലാനി-മങ്ങാട്ടുകവല, മങ്ങാട്ടുകവല-വെങ്ങല്ലൂർ, കോലാനി-വെങ്ങല്ലൂർ, നിർമാണത്തിലിരിക്കുന്ന വെങ്ങല്ലൂർ-പുഴയോര-ധന്വന്തരി ജംഗ്ഷൻ ബൈപാസുകൾ ഗതാഗത രംഗത്തും വികസന രംഗത്തും തൊടുപുഴയുടെ മുഖഛായ മാറ്റി.
തൊടുപുഴയാറിനോടു ചേർന്നുള്ള മുനിസിപ്പൽ പാർക്കും ഈ നഗരത്തിനു ദൃശ്യചാരുത പകരുന്നു. ഇതിനു സമീപമുള്ള മിനി സിവിൽ സ്റ്റേഷൻ നഗര ഹൃദയത്തിന്റെ പ്രൗഡിയാണ് വിളിച്ചോതുന്നത്. തൊടുപുഴ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തിയതോടെ ആരോഗ്യ ചികിത്സാരംഗത്തും പുത്തൻ ഉണർവ് കൈവന്നു.
വെങ്ങല്ലൂർ, മുപ്പിൽകടവ്, കോലാനി പാലങ്ങളുടെ നിർമാണവും തൊടുപുഴയുടെ വികസനത്തിൽ നാഴികകല്ലായി.മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം കൂടി പൂർത്തിയായിരുന്നെങ്കിൽ വികസനത്തിന്റെ മറ്റൊരു തലംകൂടി തുറക്കാൻ കഴിയുമായിരുന്നു. മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് നിലവിൽ വന്നതോടെ കിഴക്കൻ മേഖലയുടെ വികസനത്തിനും ആക്കം കൈവന്നു.
ദീർഘകാലം തൊടുപുഴയുടെ ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന പി.ജെ.ജോസഫിന്റെ ദീർഘവീക്ഷണം തൊടുപുഴയുടെ വികസനത്തിന് ശില പാകി. രണ്ടു തവണ എംഎൽഎയായിരുന്ന പി.ടി.തോമസിന്റെയും പാർലമെന്റ് അംഗങ്ങളുടെയും നഗരസഭയുടെയും സംഭാവനകളും എടുത്തുപറയേണ്ടതാണ്.