എസ്ഐയെ ഇടിച്ചുവീഴ്ത്തിയ കാർ തൊടുപുഴയിൽ കണ്ടെത്തി
1567580
Sunday, June 15, 2025 11:48 PM IST
തൊടുപുഴ: പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ പോലീസ് കസ്റ്റഡിയിൽ. പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചശേഷം നിർത്താതെപോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ - വെങ്ങല്ലൂർ - ആരവല്ലിക്കാവ് റോഡിലാണ് ഇന്നലെ ഉച്ചയോടെ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയത്. വിവരമറിഞ്ഞ് കല്ലൂർക്കാട് സ്റ്റേഷനിൽനിന്ന് പോലീസ് സ്ഥലത്തെത്തി. തുടർന്ന് ഫോറൻസിക് സംഘം വാഹനത്തിൽ വിശദമായ ശാസ്ത്രീയ പരിശോധന നടത്തി.
കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഇ.എം. മുഹമ്മദിനെയാണ് ശനിയാഴ്ച വൈകുന്നേരം നാലോടെ കല്ലൂർക്കാട് വഴിയാഞ്ചിറ ഭാഗത്തുവച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സാരമായി പരിക്കേറ്റ എസ്ഐയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.
കാറിലുണ്ടായിരുന്നവരുടെ സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളായ ഷാഹിദ്, റഫ്സൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഐയെ ഇടിച്ചുവീഴ്ത്തിയ കാർ ഓടിച്ചിരുന്നത് ഇടുക്കി മണിയാറൻകുടി സ്വദേശി മുഹമ്മദ് ഷെരീഫും ഒപ്പമുണ്ടായിരുന്നത് ആസിഫ് നിസാർ എന്ന ആളുമാണെന്ന് പോലീസ് പറഞ്ഞു. ഇവരെ മറ്റു വാഹനത്തിൽ കയറ്റി സംഭവസ്ഥലത്തുനിന്നു മാറ്റുന്നതിന് സഹായം നൽകിയത് കസ്റ്റഡിയിലുള്ളവരാണെന്ന് കല്ലൂർക്കാട് പോലീസ് അറിയിച്ചു.
കെഎൽ 63 ഡി 7933 നന്പറിലുള്ള സാൻട്രോ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പഴക്കമുള്ള വാഹനത്തിന്റെ മുന്നിലും പിന്നിലും വിവിധയിടങ്ങളിൽ തട്ടിയതും ഉരഞ്ഞതുമായ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇത് എപ്പോൾ സംഭവിച്ചതാണെന്ന കാര്യങ്ങളിൽ പ്രതികളെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
പരിശോധനകൾ പൂർത്തിയാക്കിയശേഷം വാഹനം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതികളെ പിടികൂടാനായി മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.