നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കി; നിരവധി വീടുകള്‍ അപകടാവസ്ഥയില്‍
1568426
Wednesday, June 18, 2025 10:33 PM IST
അടിമാലി: മഴ കനത്തശേഷം ഏറ്റവുമധികം മണ്ണിടിച്ചിലുണ്ടായ ഇടങ്ങളിലൊന്നാണ് ദേശീയപാത 85ന്റെ നേര്യമംഗലം മുതല്‍ മൂന്നാര്‍വരെയുള്ള ഭാഗം. നവീകരണ ജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതാണ് മണ്ണിടിച്ചിലിനും അടക്കടിയുള്ള മരംവീഴ്ചയ്ക്കും കാരണം. കഴിഞ്ഞ മഴക്കാലത്തും സ്ഥിതി സമാനമായിരുന്നു. നവീകരണജോലികളുടെ ഭാഗമായി മണ്ണ് നീക്കിയതിനെത്തുടര്‍ന്ന് അപകടാവസ്ഥയിലായ നിരവധി വീടുകളാണ് ഈ മേഖലയിലുള്ളത്.
അടിമാലിക്കും രണ്ടാംമൈലിനും ഇടയിൽ പാതയോരത്ത് മണ്‍തിട്ടയ്ക്ക് മുകളില്‍ മണ്ണിടിച്ചില്‍ ഭീതിയിൽ നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. മഴക്കാലമെത്തിയതോടെ പല വീടുകളും ബലക്ഷയം വന്ന് വാസയോഗ്യമല്ലാതായി.
റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണത്തിനായി മണ്ണ് നീക്കിയ ഇടങ്ങളില്‍ മഴയ്ക്കു മുമ്പേ ഭിത്തിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെവന്നതും ഓടയുടെ നിര്‍മാണത്തിന് പലയിടത്തും അശാസ്ത്രീയമായി മണ്ണ് നീക്കിയതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി. മണ്ണിടിച്ചില്‍ സാധ്യതയുള്ള പലയിടങ്ങളില്‍നിന്നും കുടുംബങ്ങള്‍ വീടുപേക്ഷിച്ച് പോകുകയാണ്.