തൊടുപുഴ: തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും വിവിധയിനം പാഴ്വസ്തുക്കൾ നീക്കുന്നതിന് നിശ്ചിത കലണ്ടർ അംഗീകരിച്ച് സർക്കാർ ഉത്തരവായി. മാലിന്യ പ്രശ്നങ്ങളുടെ സമഗ്രമായ പരിഹാരം ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് പാഴ്വസ്തുക്കളെ നീക്കുന്നതിന് കാലക്രമമനുസരിച്ച് കലണ്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതനുസരിച്ച് വിവിധയിനം പാഴ്വസ്തുക്കൾ നിശ്ചിത മാസങ്ങളിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സമാഹരിച്ച്് നീക്കം ചെയ്യുന്നതിനുള്ള സുസ്ഥിര സംവിധാനമാണ് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരുങ്ങുന്നത്. ഇതിനായി സർക്കാർ പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കന്പനിയുമായി ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാറിലെത്തണം. തദ്ദേശസ്ഥാപനങ്ങൾ ഹരിത കർമസേന മുഖേന ആസൂത്രിതമായ പ്രവർത്തനങ്ങളും നടത്തണം. കലണ്ടറനുസരിച്ച് മരുന്ന് സ്ട്രിപ്പുകളും ഇ-മാലിന്യങ്ങളുമുൾപ്പടെ ആറിനം മാലിന്യങ്ങളാണ് നിശ്ചിത സമയത്തിനുള്ളിൽ നീക്കാനാവുക.
കലണ്ടർ പ്രകാരം പേപ്പർ, പ്ലാസ്റ്റിക്ക്, പ്ലാസ്റ്റിക്ക് കവറുകൾ എന്നിവ എല്ലാമാസവും ഹരിതകർമസേന ശേഖരിച്ച് കൈമാറും. ചെരുപ്പ്, ബാഗ് എന്നിവ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ എന്നിങ്ങനെ നാലു മാസങ്ങളിലും കണ്ണാടി, കുപ്പി, ചില്ലുകൾ എന്നിവ ഫെബ്രുവരി, മെയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിലും ശേഖരിച്ച് നീക്കം ചെയ്യും. ഇ-മാലിന്യങ്ങൾ(ട്യൂബ് ലൈറ്റ്, സിഎഫ്എൽ, ബാറ്ററിയുൾപ്പടെ) മാർച്ച്, ജൂണ്‍, ഡിസംബർ മാസങ്ങളിലും മരുന്ന് സ്ട്രിപ്പുകൾ ജനുവരി, മാർച്ച്, ജൂണ്‍, സെപ്റ്റംബർ, ഡിസംബർ മാസങ്ങളിലും, തുണി മാലിന്യങ്ങൾ ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലും ശേഖരിച്ച് ക്ലീൻകേരള കന്പനിക്ക് കൈമാറുന്നതിനാണ് സർക്കാർ നിർദ്ദേശം.
കലണ്ടറനുസരിച്ച് അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പ്രചരണം നടത്തുന്നതുൾപ്പടെ പാഴ്വസ്തു നീക്കം സുഗമമാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് ഒട്ടേറെ ചുമതലകളുണ്ട്.
തരംതിരിച്ച, വൃത്തിയുള്ള അജൈവ പാഴ്വസ്തുക്കളാണ് ക്ലീൻകേരള കന്പനി മുഖേന നീക്കം ചെയ്യാനാവുക.
അതിനാൽ ഹരിതകർമ സേന വൃത്തിയുള്ള പ്ലാസ്റ്റിക്കും മറ്റ് അജൈവ പാഴ്വസ്തുക്കളും ശേഖരിച്ച് കൈമാറുന്നുവെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശസ്ഥാപനത്തിന്റെ കടമയാണ്.
പഞ്ചായത്തുകളുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിലെത്തിച്ച് തരംതിരിച്ചില്ലെങ്കിൽ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന തല ടാസ്ക് ഫോഴ്സ് സർക്കാരിന് ശുപാർശ നൽകി. ഇതു സംബന്ധിച്ച ഉത്തരവും ഉടൻ പുറത്തിറങ്ങും.