കൊടകര: ഇരിങ്ങാലക്കുട രൂപത എഡ്യുക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിന് യുജിസിയുടെ ഓട്ടോണമസ് (സ്വയംഭരണ) പദവി ലഭിച്ചു. 2024 മുതല്‍ 2034 വരെ 10 വര്‍ഷത്തേക്കാണ് ഓട്ടോണോമസ് കാലാവധി.
അക്കാദമിക് മികവ്, ഉയർന്ന പ്ലേസ്മെന്റ്, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, മതിയായ യോഗ്യതയുള്ള അധ്യാപകര്‍, ഉയര്‍ന്ന അധ്യാപക - വിദ്യാര്‍ഥി അനുപാതം തുടങ്ങിയ വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചാണു സ്വയംഭരണപദവി ലഭിച്ചത്. അധ്യാപകര്‍, സ്റ്റാഫ്, വിദ്യാർഥികള്‍, പൂര്‍വവിദ്യാര്‍ഥികള്‍ തുടങ്ങി കോളജുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമങ്ങളാണ് മറ്റൊരു അംഗീകാരംകൂടി നേടിയെടുക്കാന്‍ സഹായിച്ചതെന്നു കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ആന്റോ ചുങ്കത്ത് പറഞ്ഞു.
കൃത്യസമയത്തുള്ള പ്രവേശനനടപടിക്രമം, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവയാണ് ഓട്ടോണമസ് കോളജുകളുടെ സവിശേഷഗുണം.
കേരളത്തിലെ സ്വാശ്രയകോളജുകളില് കോഴ്സുകളിലും പഠനത്തിലും പ്ലേസ്മെന്റിലും ഏറെ മികവില്‍ നില്ക്കുന്ന സഹൃദയ എൻജീനീയറിംഗ് കോളജിന് മറ്റൊരു പൊന്‍തൂവല്‍ കൂടിയാണിത്. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിംഗ്, ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, ബയോടെക്നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗ്, സിവില്‍ എന്‍ജിനീയറിംഗ് എന്നീ വിഭാഗങ്ങള്‍ക്ക് എൻബിഎ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഐഎസ്ഒ, നാക് അംഗീകാരങ്ങളും ലഭിച്ചു.
എൻജിനീയറിംഗ് പഠനപരിശീലന സെമിനാറുകള്‍, വിവിധങ്ങളായ ഫെസ്റ്റുകള്‍, അര്‍ഹരായ വിദ്യാർഥികൾക്കു സ്കോളർഷിപ്പ്, അത്യാധുനിക സൗകര്യങ്ങളോടെ ഒരു കോടി ചെലവില്‍ പണികഴിപ്പിച്ച എഐ കംപ്യൂട്ടര്‍ ലാബ്, ഒരുലക്ഷം സ്ക്വയര്‍ഫീറ്റിലുള്ള സെന്‍ട്രൽ ലെെബ്രറി, മള്‍ട്ടിമീഡിയ സെന്റര്‍, ഇന്‍ഡോർ സ്റ്റേഡിയം, ഹെല്‍ത്ത് കൗണ്‍സലിംഗ് സെന്റര്‍ എന്നിവയെല്ലാം കോളജിനെ മികവുറ്റതാകുന്നു.