കമാൻഡ് മുഖം താത്കാലിക ബണ്ട് തകർന്നു; നാലു പഞ്ചായത്തുകൾ വെള്ളക്കെട്ടുഭീഷണിയിൽ
1568512
Thursday, June 19, 2025 2:05 AM IST
ചേർപ്പ്: കരുവന്നൂർ വൈക്കോച്ചിറ കമാൻഡ് മുഖത്തെ താത്കാലിക ബണ്ട് തകർന്നു. പുഴ കവിഞ്ഞ് വെള്ളം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകുന്നതിനാൽ നാലു പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിലായി. ചേർപ്പ്, ചാഴൂർ, പാറളം, അരിമ്പൂർ പഞ്ചായത്തുകളാണ് വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്.
കഴിഞ്ഞ വർഷം രണ്ടായിരത്തോളം വീടുകളിലും കൃഷിസ്ഥലത്തും വെള്ളക്കെട്ട് സൃഷ്ടിച്ച അതേസാഹചര്യമാണ് നിലവിൽ. കരുവന്നൂർ പുഴയിലെ വെള്ളം നിയന്ത്രിക്കാൻ കഴിഞ്ഞ ഒാഗസ്റ്റിൽ പത്തുലക്ഷം രൂപ ചെലവാക്കി കമാൻഡ് മുഖത്ത് പണിത താത്കാലിക തടയണയാണു തകർന്നത്. ഈ ബണ്ട് നിർമാണം അശാസ്ത്രീയമാണെന്ന് ആരോപണം ഉയർന്നിരുന്നു.
കഴിഞ്ഞ വർഷം കമാൻഡ് മുഖം തകർന്നതിനെത്തുടർന്ന് പുഴയിൽനിന്നും വൻതോതിൽ വെള്ളം ഒഴുകി നാലു പഞ്ചായത്തുകളിലായി രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറിയിരുന്നു. വൻതോതിൽ കൃഷിനാശവും രണ്ടായിരത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ട സാഹചര്യവും ഉണ്ടായിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ നൽകിയ പത്തുലക്ഷം രൂപ ഉപയോഗിച്ചാണ് തടയണ നിർമിച്ചത്. തടയണയുടെ പണി കഴിയുംമുമ്പേ കനാലിൽനിന്നും പുഴയിലേക്ക് വെള്ളം തിരിച്ചൊഴുകിയതിനാൽ തടയണകൊണ്ട് ഗുണം ഉണ്ടാ യില്ല.
എങ്കിലും മഴ ശക്തിപ്രാപിച്ച് പുഴയിൽനിന്നും വെള്ളം കവിഞ്ഞൊഴുകിയുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷയും അസ്ഥാനത്തായി. ഫലത്തിൽ അശാസ്ത്രീയമായ പണികൾമൂലം പത്തുലക്ഷം രൂപ പാഴാവുകയാണുണ്ടായതെന്നു നാട്ടുകാർ ആരോപിച്ചു.