മനക്കൊടി - പുള്ള് റോഡ് വെള്ളംനിറഞ്ഞ് ഗതാഗതം നിർത്തുന്നത് ഒഴിവാക്കും: എംഎൽഎ
1569835
Tuesday, June 24, 2025 1:24 AM IST
അരിമ്പൂർ: മഴയെത്തുടര്‍ന്നു മനക്കൊടി - പുള്ള് റോഡ് വെള്ളംനിറഞ്ഞു ഗതാഗതം നിർത്തിവയ്ക്കുന്ന സാഹചര്യം ഒഴിവാക്കാൻ നടപടി യുണ്ടാകുമെന്ന് മുരളി പെരുനെല്ലി എംഎൽഎ പറഞ്ഞു.
എല്ലാവർഷക്കാലത്തും റോഡില്‍ വെള്ളംനിറഞ്ഞ് ഗതാഗതംനിർത്തിവയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പരിഹാരമെന്നോണം ഇറിഗേഷൻ കനാലിന്റെ റോഡിനോടുചേർന്ന് 850 മീറ്റർ നീളത്തിൽ കോൺക്രീറ്റ് വാൾ നിർമിക്കുന്നതിന് 62 ലക്ഷം രൂപയുടെ ഡിപിആർ തയാറാക്കിയിട്ടുള്ളതായും നിർമാണ പ്രവർത്തനങ്ങൾ വെള്ളമൊഴിയുന്നമുറയ്ക്ക് വേഗത്തിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ.തൃശൂർ - തൃപ്രയാർ - ചേർപ്പ് - അമ്മാടം ഭാഗത്തേക്കുള്ള എളുപ്പവഴിയിലും വെള്ളംനിറഞ്ഞതോടെ യാത്രക്കാർ ഏറെ ദുരിതത്തിലായി.
വർഷക്കാലം കഴിഞ്ഞാലും ചെറിയ മഴ പെയ്താൽപോലും വാരിയംകോൾ പാടശേഖരത്തിലേക്ക് ഇറിഗേഷൻ കനാൽ കരകവിഞ്ഞൊഴുകി കൃഷി നശിക്കുന്നതും പതിവാണ്. വാർഡ് അംഗം കെ. രാഗേഷ്, ടി.വി. വിദ്യാധരൻ, അഭിലാഷ് ചേർക്കര, പടവ് ഭാരവാഹികൾ തുടങ്ങിയവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.