വടക്കഞ്ചേരി: വടക്കഞ്ചേരി ലൂർദ്ദ്മാതാ ഫൊറോന പള്ളി ഹാളിൽ നടന്നുവരുന്ന കരാട്ടെ പരിശീലനത്തിന്റെ ആദ്യ ബാച്ചിൽ ഒരു വൈദികൻ ഉൾപ്പെടെ ഏഴുപേർക്ക് ബ്ലാക്ക് ബെൽറ്റ്.
വള്ളിയോട് സെന്റ് മേരിസ് പോളിടെക്നിക് കോളേജ് അസിസ്റ്റൻറ് ഡയറക്ടർ കൂടിയായ ഫാ. ആൻസണ്‍ കൊച്ചറയ്ക്കൽ, ജോർജ് സിബി, എൽവിൻ, ദിയ, സാഡ്ര, സഹോദരങ്ങളായ ആൽബിൻ, എബിൻ എന്നിവർക്കാണ് രണ്ടുവർഷത്തോളം നീണ്ട വിവിധ പരിശീലന ഘട്ടങ്ങൾക്കുശേഷം ബ്ലാക്ക് ബെൽറ്റ് നൽകിയത്. പ്രമുഖ കരാട്ടെ പരിശീലകരായ സണ്ണി, ടെന്നി തുറുവേലിൽ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. പരിശീലന തുടക്കത്തിൽ ലഭിക്കുന്ന വൈറ്റ് ബെൽറ്റ് മുതൽ യെല്ലോ ഓറഞ്ച്, ഗ്രീൻ, ബ്ളു, പർപ്പിൾ, ബ്രൗണ്‍ ഫോർത്ത്, ബ്രൗണ്‍ തേർഡ്, ബ്രൗണ്‍ സെക്കൻഡ്, ബ്രൗണ്‍ ഫസ്റ്റ് എന്നിവ കടന്നാണ് ബ്ലാക്ക് ബെൽറ്റ് നൽകുകയെന്ന് പരിശീലകർ പറഞ്ഞു.
ബ്ലാക്ക് ബെൽറ്റ് കഴിഞ്ഞ് ഫസ്റ്റ് ഡാൻ ഗ്രേഡ് മുതൽ 10 വരെ എത്തുന്പോഴാണ് കരാട്ടെയുടെ അവസാന പൊസിഷനായ റെഡ് ബെൽറ്റ് ലഭിക്കുക. രാജ്യത്തുതന്നെ കുറച്ചു പേർക്ക് മാത്രമെ റെഡ് ബെൽറ്റ് ഉള്ളവരായുള്ളു. കാൽനൂറ്റാണ്ടു വരെ നീളുന്നതാണ് ഇതിന്റെ പരിശീലനം.
മെയ് വഴക്കത്തിനൊപ്പം സ്വന്തം സുരക്ഷയ്ക്കും കരാട്ടെ എന്ന ആയോധന കലയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. പെണ്‍കുട്ടികളാണ് ഇപ്പോൾ കൂടുതലും പരിശീലനത്തിന് എത്തുന്നതെന്ന് പരിശീലകർ പറഞ്ഞു. ബ്ലാക്ക് ബെൽറ്റ് വിതരണ സെറിമണി ഫൊറോന വികാരി ഫാ. ജെയ്സണ്‍ കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു.
പ്രധാന പരിശീലകൻ സണ്ണി ബ്ലാക്ക് ബെൽറ്റുകൾ അണിയിച്ചു.അസിസ്റ്റന്റ് വികാരി ഫാ. അമൽ വലിയവീട്ടിൽ, കൈക്കാരൻന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആൻറണി ചിറയത്ത്, സജി മുകളെപറന്പിൽ, കരാട്ടെ പരിശീലകനായ സജി, സിബി ജോർജ്, രാജു നെടുമറ്റത്തിൽ, ആഗത് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. ജപ്പാൻ ഷോട്ടോഖാൻ അസോസിയേഷന്റെ കീഴിലാണ് കരാട്ടെ പരിശീലനം നല്‍കുന്നത്.