സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ കർഷകർ പ്രതിസന്ധിയിൽ
1549604
Tuesday, May 13, 2025 6:05 PM IST
നെന്മാറ: സപ്ലൈകോ മുഖേന സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ ദുരിതത്തിലായി കർഷകർ. നെല്ലുസംഭരണം പൂർത്തിയാക്കി മാസങ്ങൾകഴിഞ്ഞു പിആർഎസ് ലഭിച്ച കർഷകർക്കും നെല്ലുവില വായ്പയായി പോലും ലഭിക്കാത്ത സ്ഥിതിയായി.
വിവിധ ബാങ്കുകൾ മുഖേനയാണ് നെല്ലുവില വായ്പയായി പണംനൽകാൻ സപ്ലൈകോ കരാറുണ്ടായിരുന്നത്. മാർച്ച് പകുതിയോടെ കരാർ കാലാവധി കഴിയുകയും ബാങ്കിന് സർക്കാർനൽകുന്ന പലിശ വർധിപ്പിക്കണമെന്നും ബാങ്കുകൾ ആവശ്യപ്പെട്ടതോടെയാണ് നെല്ലുവില വിതരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ഉടമകൾക്കുമാത്രമായി ചുരുങ്ങിയത്.
മറ്റു ബാങ്ക് അക്കൗണ്ട് ഉടമകൾ എന്നു പണം ലഭിക്കുമെന്നറിയാതെ കുഴങ്ങുകയാണ്. നെല്ലുവില വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഎം പോഷക കർഷകസംഘടനയായ കർഷകസംഘവും കഴിഞ്ഞ ദിവസം വിവിധകേന്ദ്രങ്ങളിൽ സമരം നടത്തിയിരുന്നു.
കൃഷിവകുപ്പും സിവിൽ സപ്ലൈസ് വകുപ്പും കൈകാര്യം ചെയ്യുന്ന സിപിഐ സമ്മേളനങ്ങളും നെല്ലുവില ഉടൻ വിതരണം ചെയ്യണമെന്ന് പ്രമേയങ്ങളുമായി രംഗത്തെത്തിയ കൗതുക കാഴ്ചയും കഴിഞ്ഞ ഒരാഴ്ചയായി കാണുന്നതായി കർഷകർ പരിതപിച്ചു.
ആയിരക്കണക്കിനു കൃഷിക്കാരാണു ജില്ലയിൽ പ്രതിസന്ധി നേരിടുന്നത്. രണ്ടാംവിളയിൽ 52,008 കൃഷിക്കാരിൽ നിന്നു നെല്ലെടുത്തിട്ടുണ്ട്. ഇതനുസരിച്ചു മാത്രം 40,644 കൃഷിക്കാർക്കു നെല്ലു വില നൽകാനുണ്ടെന്നു സപ്ലൈകോ അധികൃതർ പറയുന്നു.
സംഭരിച്ച നെല്ലിന്റെ വില വിതരണം വൈകുന്നതു അടുത്ത ഒന്നാംവിള ഒരുക്കത്തെയും ബാധിച്ചുതുടങ്ങി. കാലവർഷം മേയ് അവസാനവാരം എത്തുമെന്നു കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പു വന്നതോടെ ഒന്നാംവിള ഇറക്കാമെന്ന പ്രതീക്ഷയും കർഷകരിൽ അസ്തമിച്ചു.
നെൽപ്പാടങ്ങൾ ഉഴുതുമറിച്ച് നിലമൊരുക്കി എടുത്താൽമാത്രമേ ഞാർ തയാറാക്കാനും മറ്റും സാധിക്കുകയുള്ളൂ. ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ നടത്താൻ നെല്ലുവില കിട്ടാതെ സാമ്പത്തികമായി കുഴങ്ങിയിരിക്കുകയാണ് മേഖലയിലെ കർഷകർ.
നിലമൊരുക്കുന്നതിനു ഉഴവുകൂലിയും, ചാണകം, വരമ്പ് വൃത്തിയാക്കൽ, ബലപ്പെടുത്താൻ നീർ ചാലുകൾ വൃത്തിയാക്കൽ എന്നിവയ്ക്കായി പണം കണ്ടെത്താൻ വഴിതേടുകയാണ് കർഷകർ.
ജോജി തോമസ്