കുടിവെള്ള എടിഎമ്മിന്റെ തകരാർ ഉടൻ പരിഹരിക്കും: ചെയർപേഴ്സൺ
1549608
Tuesday, May 13, 2025 6:12 PM IST
ഒറ്റപ്പാലം: നഗരസഭാ ബസ് സ്റ്റാൻഡിലെ കുടിവെള്ള എടിഎം ഉടൻ കേടുപാടുകൾ തീർക്കും. വേനലിന്റെ വറുതിയിൽ കുടിവെള്ളക്ഷാമം രൂക്ഷമായിതീർന്നിരിക്കെ ഈ കുടിവെള്ള എടിഎം ഇവിടെയെത്തുന്ന യാത്രക്കാർക്ക് ഏറെ സഹായകരമായിരുന്നു.
വെള്ളം വിതരണ സംവിധാനത്തിലെ തകരാർ കാരണമാണ് രണ്ടാഴ്ചയിലേറെയായി നഗരസഭ ബസ് സ്റ്റാൻഡിലെ എടിഎം പ്രവർത്തിക്കാത്തത്. പരിപാലനകരാർ തീർന്നതിനാൽ തകരാറിലായ എടിഎം നന്നാക്കാതെ അടച്ചിട്ടിരിക്കുകയാണ്.
ഒരു രൂപയ്ക്ക് ഒരുലിറ്റർ തണുത്ത വെള്ളവും അഞ്ച് രൂപയ്ക്ക് അഞ്ച് ലിറ്റർ വെള്ളവും ലഭിക്കുന്ന കുടിവെള്ള എടിഎമ്മാണ് പ്രവർത്തിക്കാതെ കിടക്കുന്നത്. വേനലായതോടെ പ്രതിദിനം 250 മുതൽ 300 ലിറ്റർ വരെ കുടിവെള്ളമാണ് എടിഎം വഴി പ്രതിദിനം വിതരണം ചെയ്തിരുന്നത്. ഇതു മുടങ്ങിയതോടെ നഗരസഭ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ, നൂറുകണക്കിന് ബസ് ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ ബുദ്ധിമുട്ടിലായി. വ്യാപാര സ്ഥാപനങ്ങളിൽനിന്ന് 20 രൂപയ്ക്കാണ് ഒരു കുപ്പി തണുത്ത വെള്ളം ലഭിക്കുന്നത്. വെള്ളത്തിനാവശ്യമായ കുപ്പി കയ്യിൽ വേണമെന്നുമാത്രം.
2022-23 വർഷത്തെ പദ്ധതിയിൽ അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് നഗരസഭ കുടിവെള്ള സംവിധാനം സ്ഥാപിച്ചത്. ഇത് സ്ഥാപിച്ച കമ്പനിക്ക് തന്നെയാണ് തകരാർ പരിഹരിക്കാൻ കരാർ നൽകിയത്. കരാർ കാലാവധി തീർന്നതിന് പിന്നാലെ രണ്ട് തവണ എടിഎം പണിമുടക്കി.
അപ്പോഴെല്ലാം താത്കാലികമായി പ്രശ്നം പരിഹരിച്ച് പ്രവർത്തിപ്പിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ ഉടൻ വേണ്ടത് ചെയ്യുമെന്ന് നഗരസഭ ചെയർപേഴ്സൺ കെ. ജാനകിദേവി അറിയിച്ചു.