വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം 18നു സമർപ്പിക്കും
1549607
Tuesday, May 13, 2025 6:12 PM IST
പാലക്കാട്: മെഡിക്കൽ കോളജിന് സമീപം യാക്കര വില്ലേജിലെ അഞ്ച് ഏക്കറിൽ നിർമിച്ച വി.ടി. ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം ഉദ്ഘാടനത്തിനായി ഒരുങ്ങി. 68 കോടി ചെലവിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയാണ് സാംസ്കാരികസമുച്ചയം നിർമിച്ചിട്ടുള്ളത്.
ഏകദേശം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണമുളള സമുച്ചയത്തിൽ ആധുനിക ലൈറ്റിംഗ്, സൗണ്ട്, പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എവി തീയറ്റർ, ബ്ലാക്ക് ബോക്സ് തീയറ്റർ, ശില്പശാലകൾക്കുളള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മനോഹരമായ ഉദ്യാനവും വിശാലമായ പാർക്കിംഗ്, കഫ്റ്റീരിയ സൗകര്യങ്ങളും ചേർന്നതാണ് സാംസ്കാരിക സമുച്ചയം. 2019 ഫെബ്രുവരി 24ന് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. കലയെ സ്നേഹിക്കുന്ന പാലക്കാടൻ ജനതയ്ക്ക് വി.ടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയം വലിയൊരു മുതൽകൂട്ടാകും.
മുഖ്യമന്ത്രി പിണറായി വിജയൻ 18 ന് വൈകുന്നേരം നാലിന് വി.ടി. ഭട്ടതിരിപ്പാട് സാം സ്കാരിക സമുച്ചയം നാടിന് സമർപ്പിക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാവും. മന്ത്രിമാരായ കെ. കൃഷ്ണൻ കുട്ടി, എം.ബി. രാജേഷ്, വി.കെ. ശ്രീകണ്ഠൻ എംപി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ, വി.ടി ഭട്ടതിരിപ്പാടിന്റെ മകൻ വി.ടി. വാസുദേവൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.