ഓഫീസ് പിടിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിച്ചു
1567941
Tuesday, June 17, 2025 2:03 AM IST
പാലക്കാട്: കോട്ടായിയിൽ കോണ്ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സിപിഎമ്മിൽ ചേർന്നതിന് പിന്നാലെ മണ്ഡലം കമ്മിറ്റി ഓഫീസ് പിടിച്ചെടുക്കാനുള്ള നീക്കം സംഘർഷത്തിൽ കലാശിച്ചു. ഇന്നലെ രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ചാണ് മോഹൻകുമാറും 13 അംഗങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ പക്കൽ നിന്ന് അംഗത്വം സ്വീകരിച്ചത്. തുടർന്ന് കോട്ടായി മണ്ഡലം ഓഫീസ് തുറന്ന് സിപിഎം കൊടി നാട്ടാൻ ശ്രമിച്ചതോടെ കോണ്ഗ്രസ് പ്രവർത്തകർ പ്രതിരോധിക്കാനെത്തി.
ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷം നിയന്ത്രണാധീനമായതിനെ തുടർന്ന് പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ വിരട്ടിയോടിച്ചത്. ലാത്തി ചാർജിൽ ഒരു സിപിഎം പ്രവർത്തകന് പരിക്കേറ്റു. ഡിസിസി നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന മോഹൻകുമാർ പാർട്ടി വിടുന്നതിന് മുന്പ് ചെന്നൈയിലുള്ള കെട്ടിട ഉടമയുമായി സംസാരിക്കുകയും കോണ്ഗ്രസ് പാർട്ടി ഓഫീസ് സമയത്തെ കുടിശിക തീർത്ത് കെട്ടിടം തന്റെ പേരിൽ എഗ്രിമെന്റ് എഴുതി വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിൽ അംഗത്വം സ്വീകരിച്ചതും പാർട്ടി ഓഫീസ് കൈയടക്കാനും ശ്രമം നടത്തിയത്. ഇരുവിഭാഗങ്ങളും ഉറച്ച നിലപാടെടുത്തതോടെ പോലീസ് തീരുമാനം ആർഡിഒ വിന് വിടുകയും പ്രവർത്തകരെ ഒഴിപ്പിച്ച് ഓഫീസ് പൂട്ടുകയും ചെയ്തു. പോലീസ് കാവലും ഓഫീസിന് മുന്നിൽ ഏർപ്പെടുത്തിയിട്ടുണ്ട്്.
ഇന്നലെ രാത്രി 9.30യോടെ സിപിഎമ്മിൽ ചേർന്ന കോട്ടായി മണ്ഡലം പ്രസിഡന്റ് കെ. മോഹൻകുമാറിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ സംഘടിച്ച് എത്തി ഓഫീസിന്റെ താഴ് തകർത്ത് സിപിഎം കൊടി സ്ഥാപിച്ചു. പോലീസ് കാവൽ നിൽക്കെയാണ് നൂറുകണക്കിന് പ്രവർത്തകർ ഓഫീസ് തകർത്ത് ആധിപത്യം സ്ഥാപിച്ചത്. പോലീസിന്റെ ഒത്താശയോടെയാണ് സിപിഎം പ്രവർത്തകർ ഓഫീസ് തകർത്ത് കയറിയതെന്ന് കോണ്ഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്ന് നേതാക്കൾ അറിയിച്ചു.