അപകടം തുടർക്കഥ: വാടാനംകുർശിയിൽ റോഡ് നവീകരിക്കണമെന്നു ജനകീയാവശ്യം
1569616
Monday, June 23, 2025 1:43 AM IST
ഷൊർണൂർ: രാഷ്ട്രീയ പാർട്ടികൾ അനങ്ങുന്നില്ല, വാടാനംകുർശിയിൽ അപകടങ്ങൾ നിത്യസംഭവമായ ഭാഗത്ത് അടിയന്തിരമായി റോഡുനവീകരണം നടത്തണമെന്നു വ്യാപകമായി ജനകീയാവശ്യം.
കുളപ്പുള്ളി- പട്ടാമ്പി പ്രധാന പാതയിൽ ഉൾപ്പെടുന്ന മേഖലയിൽ അപകടങ്ങൾ നിത്യസംഭവമായ സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധം കനത്തത്. പാതയിൽ വർഷങ്ങളേറെയായി വാടാനാംകുർശി വഴി പോകുന്ന യാത്രക്കാരുടെ ദുരിതം തുടങ്ങിയിട്ട്. ഈ കാലവർഷത്തിലും യാത്രക്കാർക്ക് സുരക്ഷയായിട്ടില്ല. മേൽപ്പാലം നിർമാണം ആരംഭിച്ചെങ്കിലും ഇതുവരെ പൂർത്തിയാക്കാത്തതിനാൽ ഇതുവഴി അപകടയാത്ര തുടരുകയാണ്.
ഇവിടെയുള്ള കുഴികളിൽപ്പെട്ട് കഴിഞ്ഞ ദിവസമാണ് ചരക്കുലോറി മറിഞ്ഞത്. റോഡിലെ കുഴികളും വെള്ളക്കെട്ടുമാണ് അപകടത്തിനിടയാക്കുന്നത്. റെയിൽവേ ലൈനിന് മുകളിലെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നേരത്തെ തുടങ്ങിയിരുന്നു.
ഇനി അനുബന്ധ റോഡുകളുടെ നിർമാണമാണ് നടക്കാനുള്ളത്. മേൽപ്പാലത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഇനിയും പ്രവൃത്തികൾ ഏറെയാണ്. മഴ പെയ്തുതുടങ്ങിയതോടെ ഇവിടെ വെള്ളക്കെട്ടും റോഡുതകർച്ചയും രൂക്ഷമാണ്.
റെയിൽവേ മേൽപ്പാലത്തിന്റെ ട്രാക്കിനു മുകളിൽ വരുന്ന ഭാഗത്തെ നിർമാണം വൈകിയത് പദ്ധതിയെ മന്ദഗതിയിലായിക്കിയിരുന്നു. ഈ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ റെയിൽവേ നേരിട്ടാണ് നിർവഹിക്കുന്നത്. ഇതിന്റെ കരാർ നടപടികളടക്കം വൈകി. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് മറ്റുഭാഗത്തെ പ്രവൃത്തികൾ നടത്തുന്നത്. നിർമാണോദ്ഘാടന സമയത്ത്, ഒരുവർഷത്തിനകം മേൽപ്പാലം പൂർത്തീകരിച്ച് തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ നാലുവർഷം കഴിഞ്ഞിട്ടും പാലംനിർമാണം പൂർത്തിയായിട്ടില്ല. 2021 ജനുവരിയിലാണ് വാടാനാംകുർശി മേൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നടത്തിയത്. കോവിഡ് പ്രതിസന്ധിയടക്കം തടസമായി മാറി. പിന്നീട് റെയിൽവേ അനുമതി ലഭിക്കുന്നതിലുള്ള താമസവും പ്രശ്നമായി. പാലക്കാട്- പൊന്നാനി പാതയിൽ വാഹനഗതാഗതത്തിന് തടസ്സമായാണ് വാടാനാംകുർശി റെയിൽവേ ഗേറ്റുള്ളത്.
ഗേറ്റടവുള്ളപ്പോൾ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കുടുങ്ങിക്കിടക്കണം. 2016ൽ പാലത്തിന് കിഫ്ബി അനുമതി ലഭിച്ചു. 32.49 കോടി രൂപയാണ് പാലം നിർമാണത്തിന് അനുവദിച്ചത്. എന്നാൽ മേൽപ്പാല നിർമ്മാണം അനന്തമായി നീളുകയാണ്.