മണ്ണാർക്കാട്: എടത്തനാട്ടുകര, തിരുവിഴാംകുന്ന്, കണ്ടമംഗലം, മൈലാംപാടം, തത്തേങ്ങലം, മെഴുകുംപാറ, ആനമൂളി, അട്ടപ്പാടി, പൂഞ്ചോല, ഇരുന്പകച്ചോല, പാലക്കയം, മൂന്നേക്കർ, കല്ലടിക്കോട് തുടങ്ങിയ മേഖലകളിൽ ക്രമാതീതമായി വർദ്ധിച്ചിരിക്കുന്ന വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് കർഷക സമര സമിതി യോഗം ആവശ്യപ്പെട്ടു.
വന്യജീവികളായ ആന, പുലി, കടുവ, പന്നി, കുരങ്ങ് തുടങ്ങിയവയുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. കർഷകർ ജീവിതകാലം മുഴുവൻ അധ്വാനിച്ച് വളർത്തിയെടുത്ത ഉപജീവന മാർഗ്ഗങ്ങൾ വന്യജീവികൾ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കിക്കൊണ്ടിരിയ്ക്കുന്നു.
വന്യമൃഗങ്ങളിൽ നിന്നും കർഷകരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്ന ഒരു നയം സംസ്ഥാന സർക്കാർ ഉടൻ നടപ്പാക്കുകയും കൃഷിഭൂമിയിൽ പ്രവേശിച്ച് കാർഷിക വിളകൾക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളിൽ നിന്നും കൃഷിഭൂമി സംരക്ഷിക്കാനുള്ള അവകാശം, കർഷകർക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട ് കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂൾ പരിസരത്ത് നിന്നും മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേയ്ക്ക് 19 ന് രാവിലെ 10.00 ന് നടത്തുന്ന കർഷക പ്രതിഷേധ മാർച്ചിലും ധർണ്ണയിലും മേഖലയിലെ മുഴുവൻ കർഷകരേയും പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
സമരസമിതി ചെയർമാൻ ജോമി മാളിയേക്കൽ യോഗം ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് തോമസ് ആന്റണി അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ റവ. ഡോ. ജോർജ്ജ് തുരുത്തിപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത ജനറൽ സെക്രട്ടറി അജോ വട്ടുകുന്നേൽ സ്വാഗതവും കണ്‍വീനർ ജോസ് കാട്രുകുടിയിൽ നന്ദിയും പറഞ്ഞു. ജോയിന്റെ് കണ്‍വീനർമാരായ ലാലു താന്നിപ്പൊതിയിൽ , ഡേവിസ് ചാലിശേരി, കാഞ്ഞിരപ്പുഴ ഫൊറോന പ്രസിഡന്റ് ബാബു പ്രാക്കുഴിയിൽ , പൊന്നംകോട് ഫൊറോന പ്രസിഡന്റ് ബെന്നി ചിറ്റേട്ട്, കാഞ്ഞിരപ്പുഴ ഫൊറോന സെക്രട്ടറി സജീവ് മാത്യു നെടുംപുറത്ത് എന്നിവർ പ്രസംഗിച്ചു.