പോ​ലീ​സ് പ​റ​യും മാ​റ്റി നി​ർ​ത്താ​ൻ, ബ​സുക​ൾ ഇ​വി​ടെ​ത്ത​ന്നെ നി​ർ​ത്തും
Saturday, December 14, 2019 12:58 AM IST
പാ​ല​ക്കാ​ട് : ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക​വ​ല​ക​ളി​ലെ ഗ​താ​ഗ​ത കു​രു​ക്കൊ​ഴി​വാ​ക്കു​ന്ന​തി​നാ​യി ട്രാ​ഫി​ക് പോ​ലീ​സ് സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ നോ​ക്കു​കു​ത്തി​യാ​ക്കി സ്വ​കാ​ര്യ ബ​സ്സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം തു​ട​രു​ന്നു. സ്റ്റേ​ഡി​യം ബൈ​പാ​സ് കെഎസ്ആ​ർ​ടി​സി​ക്കു സ​മീ​പം എ​ൽ​ഐ​സി സ്റ്റോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളിൽ സ്വ​കാ​ര്യ ബ​സ്സു​ക​ൾ​ക്കു​ള്ള സ്റ്റോ​പ്പ് എ​ടു​ത്തു ക​ള​ഞ്ഞി​ട്ടും ഇ​വി​ടം എ​ല്ലാം പ​ഴ​യ​പ​ടി​യാ​ണ്.
സ്റ്റേ​ഡി​യം സ്റ്റാ​ന്‍റി​നു മു​ന്നി​ൽ നി​ന്നും ബൈ​പാ​സി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്നി​ട​ത്തും, എ​ൽ.​ഐ.​സി​ക്കു സ​മീ​പം പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ലും നേ​ര​ത്തെ സ്വ​കാ​ര്യ ബ​സ്സു​ക​ൾ​ക്കു സ്റ്റോ​പ്പു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത കാ​ല​ത്താ​യി ഇ​വി​ട​ങ്ങ​ളി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​തി​വാ​യ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള സ്വ​കാ​ര്യ ബ​സ്സു​ക​ൾ​ക്കു​ള്ള സ്റ്റോ​പ്പ് മാ​റ്റി​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം ബ​സ് നി​ർ​ത്ത​രു​തെ​ന്നും നി​യ​മ ലം​ഘ​നം ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്നും കാ​ണി​ച്ച് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തൊ​ക്കെ ആ​രും കാ​ണുന്നില്ല. ക​ൽ​മ​ണ്ഡ​പം റോ​ഡി​ൽ നി​ന്നും മൈ​താ​നം റോ​ഡി​ലേ​ക്കു​തി​രി​യു​ന്നി​ട​ത്തെ സ്റ്റോ​പ്പ് നൂ​റു മീ​റ്റ​ർ മാ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും മി​ക്ക ബ​സ്സു​ക​ളും ഇ​പ്പോ​ഴും ഇ​വി​ടെ​ത്ത​ന്നെ​യാ​ണ് നി​ർ​ത്തി ആ​ളു​ക​ളെ ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും. ഇ​തു​പോ​ലെ എ​ൽ​ഐ​സി​ക്കു സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ലെ സ്റ്റോ​പ്പ് ഡി​പി​ഒ റോ​ഡി​ലെ അ​ന്പ​ല​ത്തി​നു മു​ന്നി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും ഇ​തൊ​ന്നും ബ​സ്സു​ക​ൾ പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല. ന​ഗ​ര​ത്തി​ലെ മി​ക്ക ക​വ​ല​ക​ളി​ലും പ​ക സ​മ​യ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​യ​മ​പാ​ല​ക സേ​വ​ന​മു​ണ്ടെ​ങ്കി​ലും ഇ​വ​രു​ടെ​യൊ​ക്കെ ക​ണ്‍​മു​ന്നി​ലാ​ണ് സ്വ​കാ​ര്യ ബ​സ്സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം ന​ട​ക്കു​ന്ന​ത്.
സ്റ്റേ​ഡി​യം ബൈ​പാ​സിൽ പോ​ലീ​സു​കാ​രും വാ​ഹ​ന പ​രി​ശോ​ധ​ന സം​ഘ​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടാ​യി​ട്ടും ഇ​വി​ടെ ബ​സ്സു​ക​ൾ നി​ർ​ത്ത​രു​തെ​ന്ന വ​ലി​യ ബോ​ർ​ഡി​നു മു​ന്നി​ൽ ഞ​ങ്ങ​ൾ ഇ​വി​ടെ​ത്ത​ന്നെ നി​ർ​ത്തു​മെ​ന്ന സ്വ​കാ​ര്യ ബ​സ്സു​ക​ളു​ടെ നി​യ​മ​ലം​ഘ​നം തു​ട​രു​ക​യാ​ണ്.