ബോക്സ് ഓഫീസിലെ സർവകാല റിക്കാർഡുകൾ തിരുത്തിക്കുറിച്ച ധുരന്ധർ: ദി റിവഞ്ച് എന്ന സ്പൈ ത്രില്ലർ ഇപ്പോൾ അതിർത്തിക്കപ്പുറത്ത് പാക്കിസ്ഥാനിലും പുതിയ ചരിത്രം കുറിക്കുകയാണ്.
തിയറ്റർ റിലീസിനു വിലക്കുള്ള രാജ്യത്ത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലൂടെയാണു ചിത്രം ഈ അസാധാരണ തരംഗം സൃഷ്ടിക്കുന്നത്.
മേയ് 14-ന് അർധരാത്രി പാക്കിസ്ഥാനിൽ ഡിജിറ്റൽ പ്രീമിയർ ചെയ്ത ചിത്രം മിനിറ്റുകൾക്കകം തന്നെ ട്രെൻഡിംഗിൽ ഒന്നാം സ്ഥാനത്തെത്തി. ചിത്രം കാണാനുള്ള പ്രേക്ഷകരുടെ വൻ തിരക്കുമൂലം നെറ്റ്ഫ്ളിക്സിന്റെ സെർവർ വരെ മിനിറ്റുകളോളം നിശ്ചലമായെന്നാണ് പാക്കിസ്ഥാനിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാക്കിസ്ഥാനി പ്രേക്ഷകർ അർധരാത്രി 12ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നതും കാത്ത് സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടിയതിന്റെ തെളിവാണ് സെർവർ ക്രാഷെന്ന് പ്രമുഖ പാക്കിസ്ഥാനി സോഷ്യൽ മീഡിയ താരം മാവിയ ഉമർ ഫാറൂഖി പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.
വൈഫൈ കൃത്യമായി പ്രവർത്തിക്കുമ്പോഴും ചിത്രം ലോഡ് ചെയ്യാൻ സമയമെടുക്കുന്ന ദൃശ്യങ്ങൾ പാക് സൈബർ ലോകത്ത് ഇപ്പോൾ വൈറലാണ്.
ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും കറാച്ചിയിലെ ലിയാരി പശ്ചാത്തലമാക്കിയുള്ള കഥാപരിസരത്തെക്കുറിച്ചും പാക്കിസ്ഥാനിൽ പലവിധ രാഷ്ട്രീയ ചർച്ചകൾ നടക്കുന്നുണ്ട്.
രൺവീർ സിംഗിന്റെ മികച്ച പ്രകടനവും ആദിത്യ ധറിന്റെ സംവിധാനമികവും തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിന് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യത നേടിക്കൊടുത്തു.അന്താരാഷ്ട്ര പ്രേക്ഷകർക്കായി ചിത്രത്തിന്റെ പ്രത്യേക റോ ആൻഡ് അൺകട്ട്- പതിപ്പാണ് നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടിരിക്കുന്നത്.
Tags : Dhurandhar Ranveer Singh Aditya Dhar